കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായി മെക‌്സിക്കോയ‌്ക്ക‌് നികുതി ചുമത്തുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. മെക‌്സിക്കോയിൽനിന്ന‌് ഇറക്കുമതിചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ജൂൺ 10 മുതൽ അഞ്ചു ശതമാനം ചുങ്കം ചുമത്തും.

“അനധികൃത കുടിയേറ്റം’ അവസാനിപ്പിക്കുംവരെ നികുതി പടിപടിയായി ഉയർത്തും. അതിർത്തിയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി അത്യാവശ്യമാണെന്ന‌് ട്രംപ‌് അറിയിച്ചു. അഭയാർഥിപ്രവാഹം തടയാൻ മെക‌്സിക്കോ ഒന്നുംചെയ്യുന്നില്ലെന്ന‌ും ഇത‌് സമ്മർദംചെലുത്താനുള്ള നടപടിയാണെന്നും ട്രംപ‌് പറഞ്ഞു.

മെക‌്സിക്കോ സംഘട്ടനം ആഗ്രഹിക്കുന്നില്ലെന്ന‌് പ്രസിഡന്റ‌് ആന്ത്രെസ‌് മാന്വൽ ലോപസ‌് ഒബ്രദോർ പ്രതികരിച്ചു. പ്രശ‌്നങ്ങൾ ചർച്ചചെയ്യുകയും കുടിയേറ്റ പ്രശ‌്നം പരിഹരിക്കാൻ ബദൽമാർഗം തേടുകയും വേണമെന്ന‌് അദ്ദേഹം പറഞ്ഞു. ഇത‌് വിനാശകരമായ നടപടിയാണെന്ന‌ും അടിയന്തരമായി ഇടപെടണമെന്നും മെക‌്സിക്കൻ നയതന്ത്രജ്ഞൻ ജീസസ‌് സീഡെ പറഞ്ഞു.

മെക‌്സിക്കൻ അതിർത്തിമതിൽ ട്രംപിന്റെ സ്വപ‌്നപദ്ധതിയാണ‌്. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിലടക്കം പ്രധാനവിഷയമായിരുന്നു ഇത‌്. മതിൽ പണിയാനുള്ള തുക ഫെഡറൽ ഫണ്ടിൽനിന്ന‌് വകമാറ്റാൻ ട്രംപ‌് അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടതി ഈ ശ്രമം തടഞ്ഞു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമപ്രകാരമാണ‌് മെക‌്സിക്കോയ‌്ക്ക‌് നികുതി ചുമത്തുന്നതെന്ന‌് വൈറ്റ‌്ഹൗസ‌് അറിയിച്ചു. ക്യാനഡയും മെക‌്സിക്കോയുമായി പുതിയ വ്യവസായ കരാറിന‌് പദ്ധതിയിടുന്ന കാര്യം വൈറ്റ‌്ഹൗസ‌് കോൺഗ്രസിനെ അറിയിച്ചതിന‌ു പിന്നാലെയാണിത‌്.