കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാലിന്റെ ഡോക്ടറേറ്റുകള്‍ വ്യാജം

ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ ഡോക്ടറേറ്റുകള്‍ വ്യാജം.

കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് രണ്ട് ഡോക്ടറേറ്റുകള്‍ ലഭിച്ചെന്നാണ് രമേഷ് പൊഖ്റിയാല്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഓഫ് ശ്രീലങ്ക സ്ഥിരീകരിക്കുന്നു. ജനനതീയതിയിലും മന്ത്രി കൃത്രിമം കാണിച്ചുവെന്ന് രേഖകള്‍ സാധൂകരിക്കുന്നു.

വ്യാജ ബിരുദ വിവാദം മാനവവിഭവശേഷി മന്ത്രാലയത്തെ വിട്ടൊഴിയുന്നില്ല. പുതിയ മാനവവിഭവ ശേഷി മന്ത്രിയായ രമേഷ് പൊഖ്റിയാല്‍ നിഷാങ്കിനുള്ളത് വ്യാജ ഡോക്ടറേറ്റുകളാണെന്നാണ് വിവരവാകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യുണിവേഴ്സിറ്റി 1990കളില്‍ രണ്ട് ഡിലിറ്റുകള്‍ നല്‍കിയെന്നാണ് രമേഷ് പൊഖ്രിയാലിന്റെ അവകാശവാദം. ഒന്ന് സാഹിത്യത്തിനുള്ള സംഭാവന പരിഗണിച്ചും മറ്റൊന്ന് ശാസ്ത്രത്തിനുള്ള സംഭാവന പരിഗണിച്ചും. എന്നാല്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വിദേശ സര്‍വകലാശാല ആയോ സ്വദേശ സര്‍വകലാശല ആയോ ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഓഫ് ശ്രീലങ്ക പറയുന്നത്.

രമേഷ് പൊഖ്റിയാലിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡെറാഡൂണില്‍ ഒരു ആര്‍ടിഐ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഈ വിവരാവകാശ രേഖയ്ക്ക് ലഭിച്ചതാകട്ടെ അപൂര്‍ണമായ മറുപടിയും. ഇത് കൂടാതെ ജനനതീയതിയിലും മന്ത്രി കൃത്രിമം കാണിച്ചുവെന്ന ആരോപണവുമുണ്ട്. പാസ്പോര്‍ട്ടിലും സിവിയിലും വ്യത്യസ്ത തീയതികളാണ് കാണിച്ചിട്ടുള്ളത്.

ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റും ഇക്കാര്യം ശരിവയ്ക്കുന്നു. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ രമേഷ് പൊഖ്റിയാല്‍ ജ്യോതി ശാസ്ത്രമാണ് യഥാര്‍ത്ഥ ശാസ്ത്രമെന്ന അവകാശവാദം ഉന്നയിച്ചയാളാണ്. ഒന്നാം മോദി സര്‍ക്കാരില്‍ മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്ക് വകുപ്പ് നഷ്ടമായത് വിദ്യാഭ്യാസ യോഗ്യതാ വിവാദത്തെത്തുടര്‍ന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here