ലോകകപ്പില്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പെന്ന് പ്രവചനം; പാകിസ്ഥാനെ തോല്‍പ്പിക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും; ഓരോ മത്സര വിജയിയെയും പ്രഖ്യാപിച്ച് മക്കല്ലം

ഐസിസി ഏകദിന ലോകകപ്പില്‍ ആര് ജേതാക്കളാവുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു.

മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഫേവറിറ്റായി തിരഞ്ഞെടുത്തിരിക്കുന്നത് ആതിഥേയേരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെയാണ്.

ഇംഗ്ലണ്ടിനെക്കൂടാതെ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയും രണ്ടു തവണ വിജയികളായിട്ടുള്ള ഇന്ത്യയും ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ കിരീട സാധ്യത പ്രവചിക്കാതെ ഓരോ മത്സരളിലെ വിജയിയെയും സെമിഫൈനല്‍ സാധ്യതയും പ്രവചിച്ച് വ്യത്യസ്തനാവുകയാണ് ന്യൂസിലന്‍ഡിന്റെ മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം.

ഇംഗ്ലണ്ടും ഇന്ത്യയും അനായാസം സെമിഫൈനലിലെത്തുമെന്ന് പ്രവചിക്കുന്ന മക്കല്ലം മൂന്നാം ടീമായി ഓസ്‌ട്രേലിയയും അവസാന നാലിലെത്തുമെന്ന് പ്രവചിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക,ന്യൂസിലന്‍ഡ് ടീമുകളിലെന്ന് അവസാന സ്ഥാനക്കാരായി സെമിയിലെത്തും.

മഴയുടെയും ഭാഗ്യത്തിന്റെയും പിന്തുണയോടെ ന്യൂസിലന്‍ഡ് ആയിരിക്കും നാലാം ടീമെന്നും മക്കല്ലം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി. പ്രവചനമെഴുതിയ ഡയറിയുടെ ഫോട്ടോയും മക്കല്ലം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒമ്പതു മത്സരങ്ങളില്‍ എട്ടുവീതം ജയങ്ങളുമായി ഇംഗ്ലണ്ടും ഇന്ത്യയുമാകും പോയിന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയെന്നാണ് മക്കല്ലത്തിന്റെ പ്രവചനം. എട്ടു കളികള്‍ ജയിക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനോടാകും ഏക തോല്‍വി വഴങ്ങുന്നത്.

ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായിരിക്കും ജയം. ഇംഗ്ലണ്ടാകട്ടെ, എട്ടു കളികള്‍ ജയിക്കുമ്പോള്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും മക്കല്ലം പറയുന്നു.

ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ തോല്‍ക്കും. പക്ഷേ ആറു ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയിലെത്തും.

ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകള്‍ അഞ്ചു വീതം ജയം നേടി സെമിയിലെ നാലാം സ്ഥാനത്തിനായി മത്സരിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തോല്‍ക്കുമെങ്കിലും നാലാം സ്ഥാനക്കാരായി മഴയുടെയും ഭാഗ്യത്തിന്റെയും പിന്തുണയോടെ ന്യൂസിലന്‍ഡ് സെമിയില്‍ കടക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു.

മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്ക് ഒരു ജയം മാത്രമാണുണ്ടാവുക. അത് വെസ്റ്റിന്‍ഡീനെതിരായിരിക്കും. ശ്രീലങ്കയെ തോല്‍പ്പിക്കുന്ന ബംഗ്ലാദേശിനും ഏക ജയം മാത്രമാണ് മക്കല്ലം പ്രവചിക്കുന്നത്.

ശ്രീലങ്കയെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഈ രണ്ട് ടീമുകളെക്കാളും മുന്നിലെത്തുമെന്നും മക്കല്ലത്തിന്റെ ഡയറിക്കുറിപ്പ് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here