സര്‍ക്കാര്‍ സ്‌കൂളുകളില്‍ റെക്കോര്‍ഡ് നിയമനം; അധ്യായനവര്‍ഷാരംഭത്തില്‍ നിയമിച്ചത് എണ്ണായിരത്തോളം അധ്യാപകരെ

തിരുവനന്തപുരം: ജൂൺ ആറിന‌് സ‌്കൂൾ തുറക്കുമ്പോൾ അധ്യാപകരില്ല എന്ന പരാതി ഇനിയുണ്ടാകില്ല. സർക്കാർ സ‌്കൂളുകളിൽ എൽപി മുതൽ ഹൈസ‌്കൂൾ വരെ വിവിധ വിഷയങ്ങളിൽ സംസ്ഥാനത്താകെ എണ്ണായിരത്തോളം അധ്യാപകരെയാണ് നിയമിച്ചത്. സംസ്ഥാനത്ത‌് ഇത‌് റെക്കോഡ‌് നിയമനമാണ‌്.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസ രംഗത്ത‌് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ‌് പുതിയ അധ്യാപക നിയമനം.

സ‌്കൂൾ തുറന്ന‌് മാസങ്ങൾ കഴിഞ്ഞാലും അധ്യാപകരെ നിയമിക്കാതെ ദിവസവേതനക്കാരെ നിശ്ചയിച്ചാണ‌് പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നത‌്.

അതത‌് സ‌്കൂൾ പിടിഎകളാണ‌് അധ്യാപകരെ അന്വേഷിച്ച‌് അലയുന്നത‌്. അതിന‌് മാറ്റം വരുത്തണമെന്ന കർശന ഇടപെടലാണ‌് സ‌്കൂൾ തുറക്കുന്നതിന‌് മുമ്പേ അധ്യാപക നിയമനവും പൂർത്തിയാക്കി പാഠഭാഗങ്ങളിലും കുട്ടികളുടെ കഴിവുകളിലും ശ്രദ്ധിക്കാൻ അധ്യാപകരെ പ്രാപ‌്തമാക്കുന്നത‌്.

സർക്കാർ സ‌്കൂളുകളിൽ ഒഴിവ‌് വരുന്ന അധ്യാപകരുടെ വിവരം പിഎസ‌്സിയെ അറിയിക്കുകയും അതനുസരിച്ച‌് ഉദ്യോഗാർഥികളുടെ അപേക്ഷ സീകരിച്ച‌് പരീക്ഷ നടത്തി റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കുകയും ചെയ‌്തതിന്റെ അടിസ്ഥാനത്തിലാണ‌് ഒരുവർഷം കൊണ്ടുതന്നെ റെക്കോഡ‌് നിയമനം നടത്താൻ കഴിഞ്ഞത‌്.

അഞ്ച‌ുമാസം മുമ്പാണ‌് എൽപി, യുപി, എച്ച‌്എസ‌്എ റാങ്ക‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചത‌്. ഇത്രയും വേഗം നിയമനം ലഭിക്കുന്നതും ആദ്യമാണ‌്. റാങ്ക‌് ലിസ്റ്റ‌് വന്ന‌് വർഷങ്ങൾ കഴിഞ്ഞാലും നിയമനം ലഭിക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട‌്.

അതിനൊന്നും ഇടനൽകാതെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ എല്ലാം വളരെ പെട്ടെന്ന‌് പൂർത്തിയാക്കി വിദ്യാർഥികളുടെ പഠനത്തിന‌് ഒരു കോട്ടവും വരരുത‌് എന്ന സർക്കാരിന്റെ നിർബന്ധ ബുദ്ധിയാണ‌് ഇത്രയും പെട്ടെന്ന‌് അധ്യാപകനിയമനം സാധ്യമാക്കിയത‌്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here