രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതിക്ക് കഷ്ടകാലം ഒഴിയുന്നില്ല. കഴിഞ്ഞമാസം 1.34 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.72 യൂണിറ്റുകള്‍ മാരുതി വിറ്റപ്പോഴാണിത്. 22 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു കാര്‍ ശ്രേണിയില്‍പോലും കമ്പനിക്ക് നേട്ടം ഉണ്ടായിട്ടില്ല.

പ്രാരംഭ സെഗ്മന്റില്‍ ആള്‍ട്ടോയ്ക്കും പഴയ തലമുറ വാഗണ്‍ആറിനും പ്രതീക്ഷ കാക്കാനായില്ല. പുതുതലമുറ വാഗണ്‍ആര്‍ വന്നെങ്കിലും ടാക്സി വിപണിയില്‍ പഴയ വാഗണ്‍ആര്‍ മോഡലിനെ മാരുതി ഇപ്പോഴും വില്‍ക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ മാത്രം 56.7 ശതമാനം വില്‍പ്പന ഇടിവ് കമ്പനി നേരിട്ടു.

37,864 യൂണിറ്റുകളുടെ വില്‍പ്പനയുണ്ടായിരുന്ന പ്രാരംഭ ശ്രേണിയില്‍ വില്‍പ്പന 16,394 യൂണിറ്റുകളിലേക്ക് കൂപ്പുകുത്തി. പുതുതലമുറ വാഗണ്‍ആറിന് സ്ഥാനക്കയറ്റം നല്‍കിയതും പ്രാരംഭ കാര്‍ നിരയിലെ വില്‍പ്പന ഇടിയാന്‍ കാരണമാണ്. നിലവില്‍ സ്വിഫ്റ്റ്, ബലെനോ, സെലറിയോ, ഇഗ്‌നിസ്, ഡിസൈര്‍ മോഡലുകളുള്ള കോമ്പാക്ട് ശ്രേണിയിലാണ് വാഗണ്‍ആര്‍ പെടുന്നത്.