രണ്ടത്താണിയില്‍ കഞ്ചാവ് മൊത്തവില്‍പ്പനക്കാര്‍ പിടിയില്‍; നാലര കിലോ കഞ്ചാവ് കണ്ടെടുത്തു

മലപ്പുറത്തെ കോട്ടക്കല്‍, പുത്തനത്താണി, രണ്ടത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്ന് പേര്‍ എക്സൈസിന്റെ പിടിയിലായി. രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍ (24), ആതവനാട് പറമ്പന്‍ വീട്ടില്‍ റഷീദ് (47), അനന്താവൂര്‍ ചിറ്റകത്ത് മുസ്തഫ (42) എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്.

ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്‌സൈസുകാരെ തിരിച്ചറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 4.5 കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

സംഘത്തിലെ പ്രധാനിയായ പൂവന്‍ ചിന സ്വദേശി പെല്‍പ്പത്ത് വീട്ടില്‍ സക്കീബ് (24) എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. യുവാക്കളെ ഉപയോഗിച്ച് കോട്ടക്കല്‍ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കള്‍ സക്കീബിന് കീഴിലുണ്ട്. ഇയാള്‍ അഡ്മിനായ ഫുള്‍ ഓണ്‍ ഫുള്‍ പവര്‍ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഗ്രൂപ്പില്‍ നിന്നും സംഘത്തിനെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. കഞ്ചാവ് കാര്‍ക്കിടയില്‍ ഡോണ്‍ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതില്‍ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്.

പിടിയിലായവരില്‍ സ്ത്രീ പീഡന കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പറമ്പന്‍ റഷീദ്. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസല്‍ .

ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ അറിയിച്ചു .പ്രതികളെ വടകര കോടതി മുന്‍പാകെ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍, ലതീഷ്, ഷിജുമോന്‍ ,സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കര്‍, ഹംസ, വിഷ്ണു ദാസ്, രാജീവ് കുമാര്‍, മിനു രാജ്, കണ്ണന്‍ എ.വി ദിവ്യ, രജിത ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like