കണക്കുകളിലെ പൊരുത്തക്കേട് മറയ്ക്കാന്‍ കണക്കുകള്‍ മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ‌്ത‌ വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേട‌്. ആദ്യ നാല‌് ഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്ന 373 മണ്ഡലത്തിൽ വോട്ട‌ുകണക്കിൽ വ്യാപകമായ പൊരുത്തക്കേടുണ്ടെന്ന‌് കമീഷന്റെ കണക്കുകളെ അധികരിച്ച‌ാണ‌് കണ്ടെത്തിയിരിക്കുന്നത‌്. പോൾ ചെയ‌്ത വോട്ടുകളെക്കാൾ കൂടുതലാണ‌് എണ്ണിയ വോട്ടുകൾ.

വാർത്ത പുറത്തുവന്നതോടെ കമീഷന്റെ ഔദ്യോഗിക വെബ‌് സൈറ്റിൽനിന്ന‌് കണക്കുകൾ അപ്രത്യക്ഷമായി. തുടർന്ന‌്, ഇലക‌്ട്രോണിക‌് വോട്ടിങ‌് മെഷീനിൽ പോൾ ചെയ‌്ത വോട്ടുകളും പോസ്റ്റൽ–-സർവീസ‌് വോട്ടുകളും ക്രോഡീകരിക്കുന്നത‌് തുടരുകയാണെന്നും അന്തിമ കണക്ക‌് തയ്യാറായിട്ടില്ലെന്നും ശനിയാഴ‌്ച വൈകിട്ട‌് തെരഞ്ഞെടുപ്പ‌് കമീഷൻ അറിയിച്ചു. യുപി, ബിഹാർ, അരുണാചൽ പ്രദേശ‌്, തമിഴ‌്നാട‌് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലാണ‌് പോൾ ചെയ‌്തതിനേക്കാൾ ആയിരക്കണക്കിന‌ു വോട്ട‌് കൂടുതൽ എണ്ണിയത‌്. ചില മണ്ഡലങ്ങളിൽ പോൾ ചെയ‌്തതിനേക്കാൾ കുറവ‌് വോട്ടാണ‌് എണ്ണിയത‌്.

റിട്ടേണിങ‌് ഓഫീസർമാരും അസിസ്റ്റന്റ‌് റിട്ടേണിങ‌് ഓഫീസർമാരും അതത‌് സമയത്ത‌് അപ‌്‌ലോഡ‌് ചെയ‌്ത വിവരങ്ങൾ ഉൾപ്പെടുത്തിയ താൽക്കാലിക കണക്കാണ‌് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്ന‌് കമീഷൻ പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ രാവിലെ എട്ടുവരെ ലഭിച്ച പോസ്റ്റൽ വോട്ടുകളും പരിഗണിച്ച‌ു. ഫലപ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിൽ ആകെ പോൾ ചെയ‌്തതും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തി റിട്ടേണിങ‌് ഓഫീസർ ഇൻഡക‌്സ‌് കാർഡ‌് തയ്യാറാക്കും. ഇത‌് 15 ദിവസത്തിനുള്ളിൽ കമീഷന‌് ലഭ്യമാക്കണമെന്ന‌് മെയ‌് 26ന‌് നിർദേശിച്ചിട്ടുണ്ട‌്. ഇൻഡക‌്സ‌് കാർഡ‌് ലഭ്യമാകുന്നതോടെ ആധികാരിക കണക്കുകൾ തയ്യാറാകും. നിലവിൽ വെബ‌്സൈറ്റിലുള്ളത‌് താൽക്കാലിക കണക്കുകളാണെന്നും കമീഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.

പോൾ ചെയ‌്തതിനേക്കാൾ വോട്ടുകൾ

മൃഗസംരക്ഷണവകുപ്പ‌് മന്ത്രി ഗിരിരാജ‌് സിങ‌് മത്സരിച്ച ബിഹാറിലെ ബഗുസരായി മണ്ഡലത്തിൽ പോൾ ചെയ‌്തതിനേക്കാൾ 15,769 വോട്ട‌് കൂടുതലാണ‌്. ഇടതുപക്ഷ സ്ഥാനാർഥി കനയ്യകുമാറിനെയാണ‌് സിങ‌് പരാജയപ്പെടുത്തിയത‌്. ബിഹാറിലെ പട‌്ന സാഹിബ‌് മണ്ഡലത്തിൽ 61,978 വോട്ട‌് കൂടുതലാണ‌്. ജെഹാനാബാദിൽ 23,079 വോട്ട‌് കുറഞ്ഞു. ഇവിടെ 1751 വോട്ടിനാണ‌് എൻഡിഎ സ്ഥാനാർഥി മഹാസഖ്യത്തിന്റെ സ്ഥാനാർഥിയെ തോൽപ്പിച്ചത‌്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന‌് കമീഷൻ വിശദീകരിച്ചിട്ടില്ല. യുപിയിലെ ബദൗൻ, ഫറൂഖാബാദ‌്, മഥുര മണ്ഡലങ്ങളിൽ യഥാക്രമം 9364, 2390, 9906 വോട്ട‌് കൂടുതലുണ്ട‌്. തമിഴ‌്നാട്ടിലെ അഞ്ച‌് മണ്ഡലത്തിൽ വലിയ വോട്ടുവ്യത്യാസമുണ്ട‌്. കേന്ദ്രമന്ത്രി കിരൺ റിജിജു ജയിച്ച അരുണാചൽപ്രദേശ‌് വെസ്റ്റ‌് മണ്ഡലത്തിൽ 7961 വോട്ട‌് കൂടുതലുണ്ട‌്.

കർണാടകം സംശയനിഴലിൽ

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസ‌് ഒരു സീറ്റിൽ ഒതുങ്ങി. ഒരാഴ‌്ചയ‌്ക്ക‌ുള്ളിൽ 61 തദ്ദേശ സ്ഥാപനങ്ങളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് വൻ വിജയംനേടി. ഇവിഎം ഉപയോഗിച്ചാണ‌് ഇവിടെ തെരഞ്ഞെടുപ്പ‌് നടന്നത‌്. ആകെയുള്ള 1221 സീറ്റിൽ 509 സീറ്റ‌് കോൺഗ്രസ‌് നേടി. ബിജെപി 366 സീറ്റാണ‌് നേടിയത‌്. ജെഡിഎസ‌് 174 സീറ്റും സ്വതന്ത്രർ 172 സീറ്റും നേടി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ട കോൺഗ്രസും സഖ്യകക്ഷിയായ ജെഡിഎസും ഒറ്റയ‌്ക്ക‌് വലിയ വിജയം നേടി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന‌് വ്യക്തമാക്കുന്നതാണ‌് ഈ വിജയമെന്ന‌് കോൺഗ്രസ‌് വൃത്തങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News