ഭരണകൂടത്തിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥര്‍ക്ക് നീതിബോധം ഉള്ളിലുണ്ടാവണമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍

ഭരണകൂടത്തിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥര്‍ക്ക് നീതിബോധം ഉള്ളിലുണ്ടാവണമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി.പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന രണ്ടു ദിവസത്തെ പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്ക് ഉള്ളില്‍ നീതി ബോധമുണ്ടാകണം. എങ്കിലേ നീതി നടപ്പാക്കാന്‍ അവര്‍ക്ക് കഴിയൂ. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ പരാതികളില്‍ നടപടിയുണ്ടാവാന്‍ വളരെ കാലതാമസം ഉണ്ടാകുന്നുണ്ട്.

മനപൂര്‍വം കാലതാമസം വരുത്തുന്നത് നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരുടെയും ശീലമാണ്. അപേക്ഷകളില്‍ യഥാസമയംതന്നെ തീരുമാനമുണ്ടാകണം. ഭൂമിയുടെ പോക്ക് വരവ് ഒരാഴ്ചകൊണ്ട് മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് ഒരു മാസംകൊണ്ടെങ്കിലും കൊടുക്കാന്‍ ശ്രമിക്കണം. അഞ്ചും ആറും വര്‍ഷമൊക്കെയാണ് ഇപ്പോള്‍ വേണ്ടിവരുന്നത്. ഈ മനോഭാവം ഉദ്യോഗസ്ഥര്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒരു സൗജന്യവും നല്‍കണമെന്നില്ല. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അത് ഒരു വിഭാഗത്തിന് മാത്രമാണെന്ന ധാരണ വേണ്ട. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യവും സംവരണവും ഇപ്പോള്‍ നല്‍കുന്നുണ്ട്. ആനുകൂല്യത്തിന്റെ കാര്യത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു വിവേചനവുമില്ല.

എന്നിട്ടും പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാരുടെ ഫയലുകള്‍ മാത്രം ഇപ്പോഴും ചലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദാലത്തില്‍ വരുന്ന പരാതികളില്‍ 50 ശതമാനവും പോലീസിനെതിരെയാണ്. 25 ശതമാനം റവന്യൂ വകുപ്പിനെതിരെയും. പരാതിയോ അപേക്ഷയോയുമായി എത്തുന്നവരെ മോശം ഭാഷ ഉപയോഗിച്ചാണ് പോലീസ്, റവന്യൂ ഉേദ്യാഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ട്.

കേട്ടാലറയ്ക്കുന്ന പദങ്ങളാണ് പലരും ഉപയോഗിക്കുന്നത്. ഈ അവസ്ഥ തുടരാനാവില്ല. പോലീസുകാര്‍ക്കും, റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാരോട് ഉപയോഗിക്കേണ്ട ഭാഷ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കണമെന്ന് കമ്മീഷന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചു. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് കാര്യമായ നടപടി എടുക്കുന്നില്ല.

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ഉപയോഗിച്ച് കേസെടുക്കാന്‍ പോലീസുകാര്‍ തയാറാവുന്നില്ല. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് തെളിവില്ലെന്നു പറഞ്ഞ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് പോലീസുകാര്‍ ശീലമാക്കി മാറ്റിയെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ കണ്ടുനില്‍ക്കില്ല. ശക്തമായ ഇടപെടല്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാവും.

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാരുടെ പരാതികളില്‍ എത്രയും വേഗം തീരുമാനമുണ്ടാക്കാനായാണ് ജില്ലകള്‍തോറും ഇപ്പോള്‍ അദാലത്തുകള്‍ നടത്തുന്നത്. പത്തനംതിട്ട ജില്ലയില്‍തന്നെ ഇത് രണ്ടാമത്തെ അദാലത്താണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷനംഗം എസ്. അജയകുമാര്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എന്നിവരും സംസാരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തില്‍ രണ്ട് ബഞ്ചുകളാണുള്ളത്.

കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെയും അംഗം എസ്. അജയകുമാറിന്റെയും നേതൃത്വത്തിലാണ് ഓരോ ബഞ്ചും പ്രവര്‍ത്തിക്കുന്നത്. രജിസ്ട്രാര്‍ ജി.തുളസീധരന്‍ പിള്ള, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഷീജ, സെക്ഷൻ ഓഫീസർ ശബരിനാഥ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News