കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകനെ ആക്രിക്കച്ചവടക്കാരനെന്ന് വിശേഷിപ്പിച്ച് ചെന്നിത്തല; ശെല്‍വരാജിനെ തലയ്ക്ക് അടിച്ച് കൊന്നിട്ടും വ്യക്തിതര്‍ക്കമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഉടുമ്പന്‍ചോലയില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകനെ ആക്രിക്കച്ചവടക്കാരനെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് പിന്നില്‍ വ്യക്തി തര്‍ക്കമാണെന്നും കോണ്‍ഗ്രസിന് അതില്‍ പങ്കില്ലെന്നുമാണ് ചെന്നിത്തലയുടെ അവകാശവാദം.

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ചികിത്സയിലായിരുന്ന ശെല്‍വരാജ് ഇന്നലെയാണ് മരിച്ചത്.

വിജയപ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തല പിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവഷളായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തില്ല.

തുടര്‍ന്ന് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും തലയ്ക്കുള്ളില്‍ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത് ദിവസം ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാന്‍ സാധിച്ചില്ല.

എന്താണ് ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റെന്നും അതിന് കെപിസിസി പ്രസിഡന്റ് മറുപടി പറയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു. തനിക്ക് സിപിഐഎമ്മിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍ എന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here