ഡീന്‍ കുര്യാക്കോസിന്റെ വിജയം മനുഷ്യക്കുരുതിയിലൂടെ ആഘോഷിക്കുകയായിരുന്നോ? ശെല്‍വരാജിന്റെ മരണത്തില്‍ കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ സെല്‍വരാജിന്റെ കൊലപാതകത്തിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കേരളത്തോട് മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

അക്രമ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് വിജയം മനുഷ്യക്കുരുതിയിലൂടെ ആഘോഷിക്കുകയായിരുന്നോ?

സിപിഐഎമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇടുക്കി എംപിക്കും യൂത്ത് കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? കോണ്‍ഗ്രസിനോട് അക്രമ രാഷ്ട്രീയം പാടില്ല എന്ന് പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുമോ?

വിജയ ലഹരിയില്‍ കേരളത്തില്‍ വ്യാപകമായി കോണ്‍ഗ്രസ്സ് അക്രമം അഴിച്ചുവിട്ടിരുന്നു. പാലക്കാട് എംബി രാജേഷിന്റെ വീടിനു നേര്‍ക്ക് അക്രമം നടത്തി, മാതാപിതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊലക്കത്തി താഴെവയ്ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here