ഭീതിയുടെ അന്തരീക്ഷം രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നു: ടി പി രാമകൃഷ്ണന്‍

ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ എരഞ്ഞോളി മൂസ നഗറില്‍ നടന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുക്തിചിന്തയും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായിരുന്നു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം. ഇന്ന് യുക്തിയില്ല ചോദ്യങ്ങളില്ല വിശ്വാസത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആചാരങ്ങളുടെ മറപിടിച്ച് അനാചാരങ്ങളും സമൂഹമനസ്സില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും പ്രസക്തമല്ല എന്നചിന്ത സമൂഹത്തില്‍ അതിശക്തമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ജനങ്ങള്‍ മതപരമായി കൂടുതല്‍ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഐക്യത്തിനും സ്‌നേഹത്തിനും സ്ഥാനത്ത് വെറുപ്പും വിദ്വേഷവുമാണ് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടി കൊണ്ടിരിക്കുന്നത്. വര്‍ഗീയധ്രുവീകരണം ശക്തിപ്രാപിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ദുഷ്പ്രവൃത്തികള്‍ ചോദ്യം ചെയ്യുന്നവര്‍ പോലും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്ന അസാധാരണ സാഹചര്യമാണ് രാജ്യത്ത് രൂപപ്പെടുന്നത്.

രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്‌സേ രാജ്യസ്‌നേഹിയായി പ്രകീര്‍ത്തിക്കപ്പെടുന്നു. ഗോഡ്‌സെയെ ഇങ്ങനെ വിശേഷിപ്പിച്ച വ്യക്തി രാജ്യത്തെ നിയമനിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര അഭിപ്രായങ്ങളോടും വിശ്വാസങ്ങളോടും ജീവിതരീതിയോടുമുള്ള അസഹിഷ്ണുത പടര്‍ന്നുപിടിക്കുകയാണ്. ചരിത്രം, സംസ്‌കാരം, കല, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും അസഹിഷ്ണുത നടമാടുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി സി ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു. കോഴിക്കോട്, കൊയിലാണ്ടി, താമരശേരി, വടകര താലൂക്കുകളില്‍ നിന്നായി 472 ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ഭാഷാ സമ്മേളനത്തില്‍ ഭാഷ, സംസ്‌കാരം, ഗ്രന്ഥശാല പ്രസ്ഥാനം എന്ന വിഷയത്തില്‍ ഡോ. എം എം ബഷീര്‍, കന്മന ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ദാമോദരന്‍ സ്വാഗതവും വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here