കൊങ്കണ്‍ പാതയില്‍ കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുന്നു; മൗനം പാലിച്ച് അധികൃതര്‍

കൊച്ചുവേളിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന 19331 നമ്പര്‍ ഇന്ദോര്‍ പ്രതിവാര എക്‌സ്പ്രസിലാണ് മലയാളികളെ കൊള്ളയടിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് മങ്കി സ്റ്റേഷനും ഹൊന്നാവര്‍ സ്റ്റേഷനുമിടയിലായിരുന്നു സംഭവം. ഉഡുപ്പി കഴിഞ്ഞാല്‍ പിന്നെ കാര്‍വാര്‍ സ്റ്റേഷനിലാണ് ഈ വണ്ടിക്ക് സ്റ്റോപ്പുള്ളത്. എന്നാല്‍ മോഷ്ടാവ് കവര്‍ച്ചസാധനങ്ങളുമായി അധികം വേഗതയില്ലാതിരുന്ന തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മേയ് 31ന് രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട ട്രെയിനിലെ എസ് 6 കമ്പാര്‍ട്ട്‌മെന്റിലായിരുന്നു മോഷണം നടന്നത്. രണ്ടു മലയാളി വീട്ടമ്മമാരാണ് മോഷണത്തിനിരയായത്. വാതിലിനടുത്തുള്ള സീറ്റുകളിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

കായംകുളത്തു നിന്ന് പനവേലിലേക്ക് യാത്ര ചെയ്തിരുന്ന പത്തനംതിട്ട മാത്തൂര്‍ അടകല്‍ വീട്ടില്‍ റെജി വര്‍ഗീസിന്റെ അമ്മ പൊന്നമ്മ തോമസിന്റെ ബാഗാണ് ആദ്യം കവര്‍ന്നത്. എന്നാല്‍ മോഷണം നടന്ന കാര്യം റെജിയും അമ്മയും അറിഞ്ഞില്ല. പുണെ പിംപ്രി വാസ്വാണി ലൈനില്‍ താമസിക്കുന്ന റെജിയുടെ അമ്മയ്ക്ക് 5,000 രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്.

അമ്മ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മോഷണം നടന്നത് അറിഞ്ഞില്ലെന്നും സമീപത്തു കിടന്ന സ്ത്രീയുടെ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ഒച്ച വച്ചപ്പോഴാണ് സംഭവമറിയുന്നതെന്നും റെജി വര്‍ഗീസ് പറഞ്ഞു.

തുടര്‍ന്ന് ടി.ടി.ആറിനെ വിളിച്ചു സംഭവം പറഞ്ഞെങ്കിലും രാവിലെയാണ് പരാതി സ്വീകരിച്ചത്. പിന്നീട് വണ്ടി രത്‌നഗിരിയില്‍ എത്തിയപ്പോള്‍ പതിവ് പോലെ പരാതി ആര്‍.പി.എഫിന് കൈമാറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ തണുത്ത സമീപനത്തെ കുറ്റപ്പെടുത്തി റെജി വര്‍ഗീസ് പറഞ്ഞു.

ആലുവായില്‍ നിന്ന് ഗുജറാത്തിലെ വാപ്പിയിലേക്ക് യാത്രചെയ്ത രവി പിള്ളയുടെ കുടുംബത്തിന് വിലപിടിപ്പുള്ള രേഖകളും വീടിന്റെ താക്കോലും 20,000 രൂപയും പത്തു ഗ്രാം സ്വര്‍ണവും മൊബൈലും വാച്ചുമാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. രവി പിള്ളയുടെ ഭാര്യ വനജയുടെ വാനിറ്റി ബാഗാണ് കള്ളന്‍ അടിച്ചു മാറ്റിയത്. കാലടി സ്വദേശിയായ രവി പിള്ള സില്‍വാസയില്‍ ടെക്‌സ്‌റ്റൈല്‍ കമ്പനി ജോലിക്കാരനാണ്. ഭാര്യയും രണ്ടു കുട്ടികളുമൊത്താണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.

ബാഗ് ചുരിദാറിന്റെ ദുപ്പട്ടയില്‍ കെട്ടി കാലില്‍ കുരുക്കിയാണ് വനജ ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ട് മോഷ്ടാവ് ബാഗ് വലിച്ചപ്പോള്‍ അറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിയുന്നതിനു മുന്‍പ് അയാള്‍ ബാഗും ദുപ്പട്ടയുമടക്കം ഓടി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വനജ പറഞ്ഞത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച, അധികം ഉയരമില്ലാത്ത ചെറുപ്പക്കാരനായ ഒരാളായിരുന്നു മോഷ്ടാവെന്നും വനജ ഓര്‍ക്കുന്നു.

ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ തീവണ്ടി ഭാഗത്തുള്ളതായി മനസ്സിലാക്കാനായതായി രവി പിള്ള പറഞ്ഞു. തീവണ്ടിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും റെയില്‍വേ മുന്‍കരുതലൊന്നുമെടുക്കാതെ യാത്രികരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News