കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കാണാതായ വയനാട് കാക്കവയല്‍ സ്വദേശി വിഷ്ണുപ്രിയയെ കൊല്ലം ചടയമംഗലത്ത് വച്ച് പോലീസ് കണ്ടെത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്.
കഴിഞ്ഞ 31ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്കുളള യാത്രാമധ്യേ കോഴിക്കോടെ് വച്ചാണ് വിഷ്ണുപ്രിയയെ കാണാതായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പെണ്‍കുട്ടിയെ സഹപാഠി തിരിച്ചറിഞ്ഞിരുന്നു. പിന്നെ മറ്റൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അച്ഛന്‍ ശിവജി മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. നവമാധ്യമങ്ങളില്‍ പ്രചരിച്ച പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സഹായകമായത്. കൊല്ലം റെയില്‍വേസ്റ്റേഷനില്‍ തനിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ യുവാവാണ് ചടയമംഗലം പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊല്ലം പോലീസിന് വിവരം കൈമാറുകയും കൊല്ലം പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
താന്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതാണെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. മൂന്ന് ദിവസം ട്രെയ്നില്‍ തന്നെ ചിലവഴിച്ചെന്നും വിഷ്ണുപ്രിയ പറയുന്നു. അമ്മയും മറ്റ് കുടുംബാംഗങ്ങളുമായും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു. കേസിന്റെ അന്വേഷണചുമതലയുളള ചോറ്റാനിക്കര പോലീസും കൊല്ലത്തെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിക്കൊപ്പം നാടുവിടുമ്പോള്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മകളെ കണ്ടെത്തിയതായും പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും പെണ്‍കുട്ടിയുടെ അച്ഛന്‍ ശിവജി ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

Get real time update about this post categories directly on your device, subscribe now.