
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സെല്‍വരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസുകാരന്‍ പിടിയില്‍. കുക്കലാര്‍ കോളനി സ്വദേശി അരുള്‍ ഗാന്ധിയെയാണ് (57) ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്.
അക്രമി സംഘത്തില്‍ അരുള്‍ ഗാന്ധിയുടെ മകന്‍ ചിമ്പു, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ക്ലാമറ്റത്തില്‍ സിബി എന്നിവരും ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട ശെല്‍വരാജിന്റെ മക്കള്‍ പൊലീസില്‍ മൊഴി നല്‍കി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
യുഡിഎഫ് വിജയാഹ്ലാദ പ്രകടനം ഉടുമ്പന്‍ചോലയില്‍ അവസാനിച്ച് ചെറുസംഘങ്ങളായി പിരിഞ്ഞുപോകുമ്പോഴാണ് ശെല്‍വരാജിനെ മൂന്നുപേരുംകൂടി ആക്രമിച്ചത്.
ടൈലും വടിയുംകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെല്‍വരാജിനെ പ്രതികള്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. തലകറങ്ങിവീണ് ബോധരഹിതനായെന്ന് വരുത്തി കേസ് വഴി തിരിച്ചുവിടാനായിരുന്നു നീക്കം.
ശെല്‍വരാജ് തലകുത്തിവീണ് പരിക്കേറ്റെന്ന് പ്രതികള്‍ തന്നെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെയും കൂട്ടി പ്രതികള്‍ ശെല്‍വരാജിനെ കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കൊണ്ടുപോയി.
പരിക്ക് ഗുരുതരമാണെന്ന് കണ്ട് പ്രതികള്‍ അവിടെനിന്നും മുങ്ങി. ഗുരുതരവസ്ഥയിലായ ശെല്‍വരാജിനെ ബന്ധുക്കള്‍ തമിഴ്‌നാട് തേനി ആശുപത്രിയിലേക്കും അവിടെനിന്നും മധുര മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
മെഡിക്കല്‍ കോളേജില്‍ രണ്ടുദിവസം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് യഥാര്‍ഥ സംഭവങ്ങള്‍ ശെല്‍വരാജ് ഭാര്യയോടും മക്കളോടും പറഞ്ഞത്. പ്രകടനം കഴിഞ്ഞെത്തിയ മൂന്നംഗ സംഘം പിടിച്ചുനിര്‍ത്തി ടൈല്‍കൊണ്ടും വടികൊണ്ടും തലയ്ക്ക് അടിച്ചതായും നിലത്തുവീണശേഷം പിന്നീട് ഒന്നും ഓര്‍മയില്ലായിരുന്നു എന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.
കൊലപാതകം സംബന്ധിച്ച് അന്വേഷിക്കാന്‍ മധുര മെഡിക്കല്‍ കോളേജിലെത്തിയ ഉടുമ്പന്‍ചോല സിഐ അനില്‍ജോര്‍ജിന് ബന്ധുക്കള്‍ മൊഴി നല്‍കി.
അതേസമയം, ഞായറാഴ്ച ഉച്ചയോടെ മധുര മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വൈകിട്ട് അഞ്ചോടെ ഉടുമ്പന്‍ചോലയിലെത്തിച്ചു. ഉടുമ്പന്‍ചോലയിലും പാറത്തോട്ടിലും പൊതുദര്‍ശനത്തിന് വച്ചു. പാറത്തോടുള്ള ഉടുമ്പന്‍ചോല പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
സിപിഐഎം നേതാക്കളടക്കം നൂറ് കണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ശെല്‍വരാജ് ഉടുമ്പന്‍ചോല എട്ടാം വാര്‍ഡില്‍പ്പെട്ട് മേട്ടക്കിലായിരുന്നു താമസം. പാര്‍ടി മേട്ടക്ക് ബ്രാഞ്ച് ഓഫീസ് പണിയുന്നതിന് സ്വന്തം സ്ഥലം നല്‍കിയ പ്രവര്‍ത്തകനായിരുന്നു ശെല്‍വരാജ്. ഭാര്യ മുത്തുലക്ഷ്മിയും മക്കളായ മുരുകേശ്വരിയും മീനയും പൂഞ്ചോല എസ്‌റ്റേറ്റിലെ തൊഴിലാളികളും സിഐടിയു അംഗങ്ങളുമാണ്. മകന്‍: മണികണ്ഠന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here