8 ലക്ഷം രൂപയ്ക്ക് വൃക്ക വില്‍പ്പനയ്ക്ക് തയാറാണെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസ് പുറത്തു വിട്ടു. പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പാവപ്പെട്ട കുടുംബങ്ങളിലുള്ളവരെ കുടുക്കുന്നതെന്ന് വൃക്ക വില്‍ക്കാന്‍ തയാറായ യുവതിയുടെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയെ സാമ്പത്തികമായി പിന്നോക്കവസ്ഥയാണ് അവയവ മാഫിയയുടെ അടുക്കല്‍ എത്തിച്ചത്. ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഇരുപത് കാരിയായ യുവതി തന്റെ വൃക്ക വില്‍ക്കാന്‍ തയാറായത്. തൂക്കകുറവും പ്രായവും വൃക്ക വില്‍ക്കാന്‍ തടസ്സമായി. പക്ഷെ 3 വര്‍ഷം കഴിഞ്ഞ് വീണ്ടും ശ്രമം നടത്താനാണ് ആറ്റിങ്ങല്‍ സ്വദേശിനിയുടെ ലക്ഷ്യം.

അതേ സമയം, കൊല്ലത്ത് മാത്രം 5 പേര്‍ വൃക്ക വില്‍ക്കാന്‍ തയാറായി പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമായി. വൃക്ക സ്വീകരിക്കുന്ന രോഗിയില്‍ നിന്ന് കിട്ടുന്ന 12 ലക്ഷത്തില്‍ 8 ലക്ഷം രൂപ മുതല്‍ പത്ത്‌ലക്ഷം വരെ വൃക്ക വില്‍ക്കുന്നവര്‍ക്ക് കിട്ടും, അപൂര്‍വ്വ രക്ത ഗ്രൂപാണെങ്കില്‍ വൃക്കയുടെ വില ഉയരും. ഇടനിലക്കാരനായ രാജീവിന് 2 ലക്ഷം മുതല്‍ 4 ലക്ഷം വരെയാണ് കമ്മീഷന്‍. പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവരെയാണ് അവയവ മാഫിയ വലയിലാക്കുന്നത്.