രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎൽഎയും അനുയായികളും റോഡിലിട്ട് മർദിച്ചു. ഗുജറാത്തിലെ നരോദയിൽ ക‍ഴിഞ്ഞ ദിവസമാണ് സംഭവം.

എൻസിപി പ്രവർത്തകയായ നീതു തേജ്‌വനിയെയാണ് ബൽറാം തവനി എംഎല്‍എ തൊഴിച്ചു വീഴ്ത്തുകയും മർദിക്കുകയും ചെയ്തത്.  മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

കുടിവെള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് എം എല്‍ എയെ  കാണാനെത്തിയതെന്ന് യുവതി പറയുന്നു. സംസാരിക്കുന്നതിന് മുന്‍പ് തന്നെ എംഎൽഎ മർദിക്കാൻ തുടങ്ങി. അടിയേറ്റുവീണ തന്നെ എം എല്‍ എ തൊ‍ഴിച്ചെന്നും യുവതി പറയുന്നു. രക്ഷിക്കാനെത്തിയ ഭർത്താവിനെയും ബൽറാമിന്‍റെ അനുയായികൾ വടിയെടുത്ത് മർദിച്ചു.

നീതുവിനൊപ്പം എംഎല്‍എയുടെ ഓഫീസിലെത്തിയ സ്ത്രീകള്‍ക്കും മർദനമേറ്റു.  അതേസയമം ഓഫിസിലെത്തിയ സ്ത്രീ തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് ബൽറാം അവകാശപ്പെട്ടു. പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് സ്ത്രീയെ മർദിക്കേണ്ടി വന്നതെന്നും എം എല്‍ എ പറഞ്ഞു.

എന്നാല്‍ മര്‍ദനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ യിവതിയോട് മാപ്പ് ചോദിക്കുന്നതായി ബൽറാം തവനി പറഞ്ഞു. എം എല്‍ എയുടെ മര്‍ദനനേറ്റ നീതു തേജ്‌വനി പിന്നീട് പൊലീസില്‍ പരാതി നല്‍കി.