പാരിസ്: പീഡന ആരോപണം നിഷേധിച്ച് ബ്രസീല്‍ ്ഫുട്‌ബോള്‍ താരം നെയ്മര്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മര്‍, തന്നെ പാരിസിലെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബ്രസീലിയന്‍ യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണം നിഷേധിച്ച നെയ്മര്‍ ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വിട്ടു.

ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ പരിചയപ്പെട്ട നെയ്മര്‍ ഒരു സുഹൃത്ത് വഴി് പാരിസിലേക്ക് യാത്ര ചെയ്യാനുളള സൗകര്യം ഒരുക്കിയതായും,തുടര്‍ന്ന് മേയ് 15നു രാത്രി പാരിസിലെ ഹോട്ടലില്‍ ഇരുവരും കണ്ടുമുട്ടുകയും, മദ്യലഹരിയിലായിരുന്ന നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം.
പിന്നീട് ബ്രസീലിലേക്കു തനിച്ച് മടങ്ങിയ താന്‍ മാനസികമായി തകര്‍ന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.

എന്നാല്‍ യുവതിയുടെ ആരോപണത്തിനു പിന്നാലെ നെയ്മര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ വിശദീകരണവുമായി നേരിട്ടെത്തി. ‘ഞാന്‍ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്’ എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയാണ് നെയ്മര്‍ പങ്കുവച്ചത്. കൂടാതെ യുവതിയ്ക്ക് ഒപ്പമുള്ള ദൃശ്യങ്ങളും നെയ്മര്‍ പുറത്തു വിട്ടിട്ടുണ്ട്.