വരള്‍ച്ചയെ വ്യവസായമാക്കി മുംബൈയിലെ ടാങ്കര്‍ മാഫിയകള്‍; വരുമാനം 9000 കോടി

മഹാരാഷ്ട്രയിലെ വരള്‍ച്ചയും കുടിവെള്ള പ്രശ്‌നങ്ങളും മുതലെടുക്കുന്നത് നഗരത്തിലെ ടാങ്കര്‍ മാഫിയകളാണെന്ന വാദം ശരി വയ്ക്കുന്നതാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന കണക്കുകള്‍. വര്‍ഷത്തില്‍ ഏകദേശം 8000 മുതല്‍ 10000 കോടി രൂപയുടെ കുടിവെള്ള വ്യവസായമാണ് ടാങ്കര്‍ മാഫിയകള്‍ നടത്തുന്നതെന്ന യാഥാര്‍ഥ്യം വിരല്‍ ചൂണ്ടുന്നത് ഇതിന് പുറകില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്.

തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുന്ന വിവിധ ഭാഷക്കാരായ നഗരവാസികളെയും അതിജീവനത്തിനായി കേഴുന്ന ഗ്രാമവാസികളെയും എളുപ്പത്തില്‍ ചൂഷണം ചെയ്താണ് ടാങ്കര്‍ മാഫിയകള്‍ ഈ രംഗം അടക്കി വാഴുന്നത്.

സംസ്ഥാനം ദാഹജലത്തിനായി പരക്കം പായുമ്പോള്‍ വരള്‍ച്ചയെ വിറ്റ് കാശാക്കുകയാണ് രാഷ്ട്രീയക്കാരടങ്ങുന്ന തല്പര കക്ഷികള്‍. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിന്റെ പ്രധാന കാരണവും കൊള്ളലാഭം കൊയ്യുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളാണ് . അത്കൊണ്ട് തന്നെ മഹാരാഷ്ട്രയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നൊരു പരിഹാരമുണ്ടാകില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 1.11 രൂപ ഈടാക്കുമ്പോള്‍ ടാങ്കറുകള്‍ കൊള്ള വിലയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. ഒരു ടാങ്കറില്‍ 10,000 ലിറ്റര്‍ വെള്ളത്തിന് ഡിമാന്‍ഡ് അനുസരിച്ചു 2,000 രൂപ മുതല്‍ 5,000 രൂപ വരെ കൊടുക്കണം. ഒരു ദിവസം 10 ട്രിപ്പുകള്‍ അടിക്കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് ഏകദേശം 20000 രൂപയോളമാണ്.

വര്‍ഷത്തില്‍ 300 ദിവസമെങ്കിലും സേവനം ആവശ്യമാകുന്നത് കണക്കാക്കിയാല്‍ ഒരു ടാങ്കര്‍ ഉടമക്ക് മിനിമം 60,00,000 രൂപയോളം കിട്ടും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ടാങ്കര്‍ സര്‍വീസുകള്‍ മുംബൈയില്‍ മാത്രമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ മൊത്തം 6,200 ടാങ്കറുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു. കൂടുതല്‍ ആവശ്യക്കാരുള്ള പ്രദേശങ്ങളില്‍ മുപ്പതും നാല്പതും ട്രിപ്പുകള്‍ക്കായി 24 മണിക്കൂറും ജോലി ചെയ്യുന്ന ‘കഠിനാദ്ധ്വാനികള്‍’ വരെ ഈ മേഖലയിലുണ്ട്.

സര്‍ക്കാര്‍ വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 4,920 ഗ്രാമങ്ങളും 10,506 ചേരി പ്രദേശങ്ങളും നിത്യോപയോഗത്തിനും കുടിവെള്ളത്തിനുമായി ടാങ്കറുകളെ ആശ്രയിക്കുന്നവരാണ്.

മഹരാഷ്ട്രയില്‍ കാലങ്ങളായി തുടരുന്ന വരള്‍ച്ചയും കുടിവെള്ള പ്രതിസന്ധിയുമെല്ലാം ടാങ്കര്‍ മാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൃഷ്ടിയാണെന്ന ആരോപണവും നിലവിലുണ്ട്.

ദാഹ ജലത്തിനായി വേഴാമ്പലിനെ പോലെ വലയുന്ന ഗ്രാമങ്ങങ്ങളില്‍ കൃഷി നശിച്ച് ജീവനൊടുക്കുന്ന കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ മാത്രം ആരുമില്ല. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഉതകുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള പഠനങ്ങള്‍ക്ക് പോലും തയ്യാറാകാത്ത സര്‍ക്കാര്‍ ശിവാജി പ്രതിമയും ബുള്ളെറ്റ് ട്രെയിനുമാണ് സ്വപ്നം കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News