വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമപ്രദേശങ്ങളിലുള്ള സ്കൂളുകളില്‍ ഉള്‍പ്പെടെ ഇത് വ്യാപിച്ചു കഴിഞ്ഞു. ജനമൈത്രി പോലീസിന്‍റെ സേവനം ലഹരി മാഫിയക്ക് എതിരെ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന അതിര്‍ത്തി വഴി ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പൊലീസിനും എക്സൈസിനും നിർദേശം നൽകി.

വിദ്യാലയങ്ങളിലെ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നടപടി കർശനമാക്കാൻ നിർദേശം നൽകിയത്. ലഹരി വസ്തുക്കള്‍ എത്തുന്നത് തടയുന്നതിനായി എല്ലാ സ്കൂളുകളിലും പി.ടി.ഐ വക സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കണം.

പ്രവൃത്തിസമയത്ത് ഒരാളെയും അനാവശ്യമായി സ്കൂളില്‍ കയറ്റിവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചുറ്റുമതില്‍ ഇല്ലാത്ത സ്കൂളുകളില്‍ അത് നിര്‍മ്മിക്കും. ലഹരി വസ്തുക്കളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാനായുള്ള കൂടുതൽ നടപടികളിലേയ്ക്കാണ് കടക്കുന്നതെന്ന് ഡിജിപി ലോകനാഥ് ബെഹ്റ വ്യക്തമാക്കി.

കുട്ടികളെ ശിക്ഷിക്കുന്നതിലല്ല, തിരുത്തിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കണം. കൗണ്‍സിലര്‍മാര്‍ കുട്ടികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം. ലഹരിക്ക് അമിതമായി അടിമപ്പെട്ടവരെ മാത്രമേ ലഹരിമോചന കേന്ദ്രത്തിലേക്ക് അയക്കാവൂ എന്നും യോഗത്തിൽ തീരുമാനമായി.

ജനമൈത്രി പോലീസിന്‍റെ സേവനം ലഹരി മാഫിയക്ക് എതിരെ ഉപയോഗപ്പെടുത്തണം. സംസ്ഥാന അതിര്‍ത്തി വഴി ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. പോലീസ്, എക്സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പ്രവര്‍ത്തന സമിതി ഉണ്ടാക്കാന്‍ യോഗം തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഈ സമിതിയുടെ ഉത്തരവാദിത്വമായിരിക്കും.