യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായഎം എ യൂസഫലിക്ക്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന്എം.എ.യൂസഫലിഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് സ്വീകരിച്ചു.

ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കിയത്.

100 ബില്യന്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആജീവനാന്ത വീസയായ ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്നത്.വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായാണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല, ഗോള്‍ഡ് കാര്‍ഡ് വിസാ അനുവദിച്ചത്.

യുഎ ഇ യുടെ പ്രഥമ ഗോൾഡ് കാർഡ് തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നെന്ന് എം എ യൂസഫലി പ്രതികരിച്ചു . യുഎ ഇ ഭരണകൂടം തനിക്ക് പെർമനെന്റ് റെസിഡൻസി ഗോൾഡ് കാർഡ് നൽകിയ, ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമായ ഇന്ന്, താൻ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്ന് എം എ യൂസഫലിയുടെ ആദ്യ പ്രതികരണം പുറത്തുവന്നു.

ജീവിതത്തിലെ ശരിയായ ഒരു നാഴികക്കല്ലെന്നാണ് അദ്ദേഹം ഗോൾഡ് കാർഡ് ലബ്‌ധിയെ വിശേഷിപ്പിച്ചത്. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതൽ ഇക്കണ്ട നാലര പതിറ്റാണ്ടിലധികം യുഎ ഇ യിൽ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎ ഇ തന്നെയാണ് ഏറ്റവും ആശ്രയമായിമാറിയ അഭയ സ്ഥാനം . താൻ സ്വപ്‌നം കണ്ടതിലധികം നൽകി യുഎ ഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറഞ്ഞു.

സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് സമ്പ്രദായം സംബന്ധിച്ച് ആലോചന വന്നപ്പോൾ അതിൽ പ്രഥമ സ്ഥാനീയനായി തന്നെ പരിഗണിച്ചതിൽ താൻ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനും ആയി മാറുന്നു . യുഎഇ ഭരണാധികാരികളുടെ ഹൃദയ വിശാലതയും മഹാമനസ്കതയും വിശാലമായ സഹോദര സ്നേഹവും പ്രകടമാകുന്ന ഒരു സമീപനമാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് നൽകാനുള്ള തീരുമാനമെന്ന് അദ്ദേഹം പ്രശംസിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതവും , സഹിഷ്ണുതയുള്ളതും വികാസനോന്മുഖവുമായ രാജ്യമായി യുഎ ഇ വളർന്നത് ഭരണാധികാരികളുടെ ദീർഘ വീക്ഷണ പാടവം കൊണ്ടാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ഈ പുതിയ “ഗോൾഡ് കാർഡ് സ്ഥിര താമസ സൗകര്യം” വഴി ഇവിടുത്തെ വൻകിട നിക്ഷേപകർ രാജ്യത്തിൻറെ ഇമേജ് കൂടുതൽ വർധിപ്പിക്കുന്ന രീതിയിൽ സഹകരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്റെ അടയാളമാണ് ഈ സംവിധാനമെന്നും യൂസഫലി പറഞ്ഞു.

തനിക്ക് കിട്ടിയ ഈ ആദരവും അവസരവും , യുഎ ഇ യെ രണ്ടാം ഭവനം ആയി കാണുന്ന 200 ൽ അധികം മറ്റ് രാജ്യക്കാർക്ക് ഒരു പുരസ്‌കാരം ആയി മാറുകയാണെന്ന് വിശ്വസിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.