പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് കേസെടുത്തത്. എഫ്‌ഐആര്‍ നാളെ മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മേല്‍പ്പാലത്തിന്റെ രൂപരേഖ അംഗീകരിച്ച് ശുപാര്‍ശ ചെയ്ത കിറ്റ്‌കോ ഉദ്യോഗസ്ഥരും, നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

മേല്‍പ്പാല നിര്‍മ്മാണത്തിലെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ എംഡിയടക്കം പ്രതിപ്പട്ടികയിലുണ്ട്. പാലത്തിന്റെ സാമ്പിള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ബലക്ഷം ഉണ്ടാകാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകത തന്നെയാണെന്ന് കണ്ടെത്തല്‍. പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റുകളാണ്. ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചിരുന്നില്ല. കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു.

അമിതലാഭം ഉണ്ടാക്കുന്നതിനായി മേല്‍പ്പാലത്തിന്റെ രൂപരേഖയില്‍ തന്നെ മാറ്റം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്‌ഐആര്‍ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ സാങ്കേതിക പിഴവ് സംഭവിച്ചതായി നേരത്തേ മദ്രാസ് ഐഐടി സംഘവും വിലയിരുത്തിയിരുന്നു.

തുടര്‍ന്നാണ് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുകയും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതത്. മദ്രാസ് ഐഐടിയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News