വീണ്ടും നിപാ ഭീതി ഉയരുമ്പോൾ സുരക്ഷയ‌്ക്കൊപ്പം വേണ്ടത‌് ജാഗ്രതയും; നിപയെ പ്രതിരോധിക്കാന്‍ എല്ലാ സജ്ജീകരണ‌ങ്ങളും ഒരുക്കി സര്‍ക്കാര്‍

വീണ്ടും നിപാ ഭീതി ഉയരുമ്പോൾ സുരക്ഷയ‌്ക്കൊപ്പം വേണ്ടത‌് ജാഗ്രതയും. രോഗത്തിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താതിരിക്കാനുള്ള സമീപനമാണ‌് ആവശ്യം. കഴിഞ്ഞ വർഷം കോഴിക്കോട്ട‌് രോഗം സ്ഥിരീകരിച്ചപ്പോൾ പലർക്കും കനത്ത ഒറ്റപ്പെടലാണ‌് നേരിടേണ്ടി വന്നത‌്. രോഗം വന്നവരെ മാത്രമല്ല അവരുടെ കുടുംബത്തിനെയും സഹപ്രവർത്തകരെയുംവരെ സമൂഹം അകറ്റിനിർത്തി. വീടുകൾക്കടുത്ത‌ുനിന്ന‌് മാറി താമസിക്കുന്ന സാഹചര്യംവരെ ഉണ്ടായി.

രോഗം പകരുന്നത‌ു സംബന്ധിച്ച‌ുള്ള അറിവില്ലായ‌്മയാണ‌് ഇത്തരം പെരുമാറ്റത്തിന‌ു പിന്നിൽ. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ രോഗിയുടെ ശരീരസ്രവങ്ങളിൽനിന്നോ, ഒരു മീറ്റർ അകലെനിന്ന‌് വായുവിലൂടെയോ ആണ‌് വൈറസ‌് പകരുക. കരുതലിനും വ്യക്തിശുചിത്വത്തിനുമപ്പുറം അനാവശ്യ ഭീതിയുടെ സാഹചര്യം ഇല്ലെന്നാണ‌് ആരോഗ്യ വകുപ്പ‌് അറിയിച്ചിട്ടുള്ളത‌്.

കോഴിക്കോട്ട‌് രോഗമുണ്ടായ പലയിടത്തും രോഗിയുടെ വീടിന്റെ കിലോമീറ്റർ അകലെയുള്ളവർവരെ വീട‌് മാറിപ്പോയി. കഴിഞ്ഞ വർഷം നിപാ ബാധിച്ച‌് മരിച്ച ആദ്യരോഗി ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിലെ നേഴ‌്സുമാരും ഇത്തരം ഒറ്റപ്പെടൽ നേരിട്ടു.

ഇവരെ ബസ്സിലും നാട്ടിലെ ഓട്ടോറിക്ഷയിലും കയറ്റാത്ത അനുഭവമുണ്ടായി. പേരാമ്പ്രയിലൂടെയുള്ള ബസ‌് യാത്രപോലും പലരും ഉപേക്ഷിച്ചു. നിപാ ബാധിച്ച‌് മരിച്ചവരുടെ വീടുകൾക്ക‌് സമീപമുള്ളവർ ഭൂരിഭാഗവും മാറി താമസിച്ചു. ഒന്നും രണ്ടും മാസം കഴിഞ്ഞാണ‌് പലരും തിരിച്ചെത്തിയത‌്.

വവ്വാലും പന്നിയും പരത്താം

നിപാ വൈറസ് മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരും. വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ മനുഷ്യരിലേക്ക‌് പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും പകരാം. തൊണ്ടയിൽനിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവ പരിശോധിച്ചാൽ തിരിച്ചറിയാനാകും.

ആശുപത്രികളിൽ ശ്രദ്ധിക്കേണ്ടത‌്

രോഗലക്ഷണവുമായി വരുന്ന എല്ലാവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക

രോഗം സംശയിക്കുന്നവരുടെ സമീപം കയ്യുറകളും മാസ്‌കും ധരിച്ചുമാത്രം എത്തുക

സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും കർശനമായി എടുക്കുക

വൈറസ‌് ബാധ സംശയിക്കുന്നവരെ അഡ്മിറ്റ് ചെയ്താൽ അധികൃതരെ വിവരം അറിയിക്കുക

രോഗിയുമായി ഇടപഴകുമ്പോഴെല്ലാം സുരക്ഷാ കവചങ്ങൾ ഉപയോഗിക്കുക.

ഉപയോഗശേഷം ഇവ അഴിക്കുമ്പോഴും ജാഗ്രതയും സുരക്ഷിതത്വവും പാലിക്കണം.

ശുശ്രൂഷയ്ക്ക് ശേഷം ക്ലോറോഹെക്‌സിഡൈൻ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയവ ഉപയോഗിച്ച‌് കൈ കഴുകണം.

സോപ്പ‌് ഉപയോഗിച്ച‌് 20 സെക്കന്റെങ്കിലും കഴുകണം.

നിപാ രോഗികളുള്ള വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക

ശുശ്രൂഷയ്ക്ക് പരമാവധി ഡിസ്‌പോസബിൾ ഉപകരണങ്ങൾ ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾ : http://www.dhs.kerala.gov.in/

തൊടുപുഴയിലും പരിശോധന സജീവം

നിപാ വൈറസ‌് ബാധയെന്ന സംശയത്താൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പഠിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ കോളേജിലും താമസിച്ചിരുന്ന വാടകവീട്ടിലും ആരോഗ്യവകുപ്പ‌് പരിശോധന നടത്തി. രണ്ടാം വർഷ എൻജിനിയറിങ‌് വിദ്യാർഥി തൊടുപുഴയിൽനിന്ന‌് മടങ്ങി ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ‌് പനിബാധിച്ചത‌്. ഈ സാഹചര്യത്തിലായിരുന്നു തൊടുപുഴയിലെ പരിശോധന. എന്നാൽ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന‌് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ പറഞ്ഞു.

തിങ്കളാഴ‌്ച രാവിലെ 10 ഓടെയാണ‌് ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം തൊടുപുഴയ‌്ക്ക‌് സമീപത്തെ സ്വകാര്യ കോളേജിൽ എത്തിയത‌്. തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെയും സഹപാഠികളുടെയും വിവരങ്ങൾ അധികൃതരിൽനിന്ന‌് ശേഖരിച്ചു. സഹപാഠികളിൽ ആർക്കെങ്കിലും
പനിയോ മറ്റ‌് രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന‌് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ടു.

ആർക്കും പനിയോ മറ്റെന്തെങ്കിലും അസുഖമോ ഉള്ളതായി കണ്ടെത്തിയില്ല. ഉച്ചയ‌്ക്ക‌് ശേഷം ഇടുക്കി ഡപ്യൂട്ടി ഡിഎംഒ ഡോ. പി കെ സുഷമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം, കോളേജിന‌് സമീപം വിദ്യാർഥിയും സുഹൃത്തുക്കളും താമസിച്ചിരുന്ന വാടക വീട്ടിലും പരിശോധന നടത്തി. ഈ ഭാഗത്തെ കുടിവെള്ള സ്രോതസ‌് ഉൾപ്പെടെ പരിശോധിച്ചു.

വാടകവീടിന്റെ ഉടമസ്ഥനെയും സമീപ വീട്ടുകാരെയും കണ്ട‌് സംസാരിച്ചു. സമീപവാസികൾക്ക‌് ആർക്കും പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. നാലു വിദ്യാർഥികളാണ‌് വാടകവീട്ടിൽ താമസിച്ചിരുന്നത‌്. നാലുമാസം മുമ്പാണ‌് ഇവർ താമസത്തിനെത്തിയത‌്.

നിലവിലെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. സമാന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനും നിർദേശം നൽകി.

ഉറവിടം തൃശൂരല്ല: ഡിഎംഒ

നിപയെന്ന‌് സംശയിക്കുന്ന പനിയുടെ ഉറവിടം തൃശൂർ ജില്ലയല്ലെന്ന് ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു. രണ്ടാഴ്ചത്തെ തൊഴിൽ പഠന പരിശീലനത്തിന‌് എറണാകുളം പറവൂരിൽനിന്ന് തൃശൂരിലെത്തിയ ഒരു വിദ്യാർഥിക്കാണ് നിപയെന്ന് സംശയിക്കുന്നത്.

ഈ വിദ്യാർഥി തൃശൂരിൽ എത്തുന്നതിനുമുന്നേ പനിയുണ്ടായിരുന്നു. പനിയുടെ ഉറവിടം പഠനയിടമായ തൊടുപുഴയിലോ വീടിന്റെ പരിസരമോ ആകാം. ഇതേക്കുറിച്ച‌് പരിശോധന നടക്കുകയാണ്.

തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് മെയ് 20നാണ് വിദ്യാർഥി സഹവിദ്യാർഥികളുമായി തൃശൂരിൽ തൊഴിലധിഷ‌്ഠിത കോഴ്സ് പരിശീലനത്തിന് എത്തിയത്. നാലുദിവസം ഈ യുവാവ‌് തൃശൂരിലുണ്ടായിരുന്നു. ഇവിടെ എത്തുമ്പോൾത്തന്നെ പനിയുണ്ട്. എവിടെനിന്നാണ്, ആരിൽനിന്നാണ് പടർന്നതെന്ന് കണ്ടെത്തിയാലേ പനിയുടെ ഉറവിടം വ്യക്തമാകൂ.

പുണെയിലേക്ക‌് അയച്ചത‌് കൂടുതൽ പഠനത്തിന‌്

നിപ ബാധിച്ചെന്ന‌് സംശയിക്കുന്ന യുവാവിന്റെ സ്രവ സാമ്പിളുകൾ വിദഗ‌്ധ പരിശോധനയ‌്ക്കായി പുണെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലേക്ക‌് അയച്ചു. കൊച്ചി ആസ‌്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള യുവാവിന്റെ സാമ്പിളുകൾ പരിശോധനയ‌്ക്കായി നേരത്തെ ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിലെത്തിച്ചിരുന്നു.

കൊച്ചിയിലെ ആശുപത്രിയിൽനിന്ന‌് ശേഖരിച്ച ഈ സാമ്പിളുകളാണ‌് തിങ്കളാഴ‌്ച പുണെയ‌്ക്ക‌് വിമാനമാർഗം അയച്ചത‌്. വൈകി റിപ്പോർട്ട‌്ചെയ‌്ത കേസായതിനാൽ കൂടുതൽ പഠനത്തിനായാണ‌് സാമ്പിളുകൾ പൂണെയിലേക്ക‌് അയച്ചത‌്. സാമ്പിൾ പരിശോധനയിൽ എന്തെങ്കിലും ആശയക്കുഴപ്പമോ വ്യക്തത വരുത്താനോ ഉണ്ടെങ്കിൽ പുണെയിലേക്കാണ‌് അയയ‌്ക്കാറുള്ളതെന്ന‌് ആലപ്പുഴ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് അധികൃതർ പറഞ്ഞു.

ഊഹാപോഹം പരത്തരുത്

കേരളത്തിൽ വീണ്ടും നിപാ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഊഹാപോഹവും പരിഭ്രാന്തിയും പരത്തരുതെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയെ വിവരം ധരിപ്പിക്കും. കേരള സർക്കാരുമായി ബന്ധപ്പെട്ടശേഷം വിദഗ‌്ധ ഡോക‌്ടർമാരുടെ സംഘത്തെ അയക്കുന്ന കാര്യം ആരോഗ്യമന്ത്രാലയത്തെ ധരിപ്പിക്കുമെന്നും മുളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here