
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. മഴക്കാലത്തിന് മുമ്പ് നടത്തേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായാണ് മൂന്നംഗ സമിതിയുടെ സന്ദര്‍ശനം.
മഴക്കാലത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എങ്ങിനെ നിയന്ത്രിക്കണമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി സ്പില്‍വെ ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച ഷട്ടര്‍ ഓപ്പറേറ്റിങ് മാന്വല്‍ തയ്യാറാക്കി നല്‍കാന്‍ ഉന്നതാധികാര സമിതി തമിഴ്‌നാടിനോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതേവരെ കൈമാറിയിട്ടില്ല.
ഇക്കാര്യത്തില്‍ തമിഴ്‌നാടിനോടുള്ള എതിര്‍പ്പ് നേരത്തെതന്നെ കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെലെത്തുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കണമെന്ന നിലപാടാകും കേരളം സ്വീകരിക്കുക.
അണക്കെട്ടില്‍ 112.05 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് . സെക്കന്‍ഡില്‍ 100 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നണ്ട്. 100 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ചെയര്‍മാന്‍ ഗുല്‍സന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ മുല്ലപ്പെരിയാറിലെത്തും.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വെ ഷട്ടറുകള്‍, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തും. സന്ദര്‍ശന ശേഷം വൈകിട്ട് തേക്കടിയില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
കേരളത്തിന്റെ ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറി പ്രഭാകരന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് നാലിനായിരുന്നു സമിതി ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. കൈരളി ന്യൂസ് ഇടുക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here