വീണ്ടും നിപ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; 86 പേര്‍ നിരീക്ഷണത്തില്‍; രണ്ട് നഴ്‌സുമാര്‍ക്ക് പനി; ഭയപ്പെടേണ്ട, ജാഗ്രതയാണ് ആവശ്യം

കൊച്ചിയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ.

പൂനെ വൈരോളജി ലാബിലെ പരിശോധനാ ഫലത്തിലാണ് വിദ്യാര്‍ത്ഥിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.രോഗിയുമായി ബന്ധം പുലര്‍ത്തിയവരും രോഗിയെ പരിചരിച്ച നഴ്‌സുമാരും പ്രത്യേക നിരീക്ഷണത്തിലാണ്.

ആദ്യം മണിപ്പാലിലെയും, ആലപ്പുഴ വൈറോളജി ലാബിലെയും പരിശോധനകളില്‍ നിപ വൈറസിനോട് സാമ്യമുളള വൈറസ് എന്ന സൂചനകള്‍ മാത്രമാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്.

ഈ സംശയത്തെ തുടര്‍ന്നാണ് പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗബാധ സംശയിക്കുന്ന യുവാവിന്റെ സ്രവങ്ങള്‍ അയച്ചു കൊടുത്തത്. പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് യുവാവിന് നിപ തന്നെയെന്ന് സ്ഥിതീകരിച്ചത്.

രോഗിയുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.

നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ്.

മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ ബാധയെ നേരിട്ട അതേ രീതിയില്‍ വ്യക്തമായ പ്രോട്ടോകോളോട് കൂടിയാവും നിപ നേരിടുക. ഇതിനായി കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. നിപ ബാധിതര്‍ക്ക് നല്‍കാനായി എതാണ്ട് 4000 ത്തോളം ഗുളികകള്‍ കേരളത്തില്‍ സ്റ്റോക്കുണ്ട്. ആസ്‌ട്രേലിയയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിച്ച മരുന്നും സ്റ്റോക്കുണ്ട്. നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഈ മരുന്നും രോഗിക്ക് നല്‍കിയേക്കും.

ചികിത്സയ്ക്ക് മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നല്‍കുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ഇപ്പോള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാല്‍ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

തൊടുപുഴയിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സെമസ്റ്റര്‍ എക്‌സാം കഴിഞ്ഞ് കോളേജ് അടച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് തൃശ്ശൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടിക്കിടെ പനി വന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.

ആദ്യം പ്രദേശത്തെ ഒരു ആരോഗ്യകേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പനിക്ക് ചികിത്സ തേടി. പനി കുറയാതെ വന്നതോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യം ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് പനി കുറയാതെ വന്നതോടെ വിദഗ്ദ ചികിത്സകള്‍ക്ക് വിധേയനാക്കി.

ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നുമുള്ള രക്ത പരിശോധനാ ഫലം വന്നതോടെ വിദ്യാര്‍ത്ഥിയുമായി കഴിഞ്ഞ രണ്ടാഴ്ച സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി കോണ്ടാകട് ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ അന്‍പതോളം പേരെ കണ്ടെത്തി കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പരിചരിച്ച മാതാവും മാതൃസഹോദരിയും സ്വന്തം സഹോദരിയും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും.

മന്ത്രിയടക്കം ആരോഗ്യവകുപ്പിലെ ഉന്നതര്‍ കൊച്ചിയില്‍ ഇന്നും ക്യാംപ് ചെയ്യുന്നുണ്ട് . പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

പനിയോ ബന്ധപ്പെട്ട അസുഖങ്ങളോ ശ്രദ്ധയിൽ പെട്ടാലുടൻ ചികിത്സ തേടണം. വവ്വാൽ ഉൾപ്പെടെയുള്ള ജീവികൾ കടിച്ച പഴങ്ങൾ കഴിക്കരുത്. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ വൃത്തിയാക്കിയ ശേഷം ആഹാരം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ വേണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്ന് സ്റ്റോക്ക് ഉണ്ട്. മരുന്ന് ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടിയ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ട്. നിലവിൽ ലഭ്യായ മികച്ച മരുന്നും ചികിത്സയും ഉറപ്പാക്കാനായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News