രാജ്യത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചന. ആര്‍ബിഐയുടെ അവലോകന യോഗം ഇന്ന് ആരംഭിച്ചു. രണ്ട് ദിവസം നീളുന്ന യോഗത്തില്‍ റിപ്പോ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മാസത്തേക്കുള്ള നയം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച പ്രഖ്യാപിക്കും.

ഈ വര്‍ഷം രണ്ട് തവണ ആര്‍ബിഐ പലിശ നിരക്ക് കുറച്ചിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ കടബാധ്യത ഇനത്തിലെ ചെലവില്‍ വേണ്ടത്ര കുറവ് വന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണത്തിന്റെ ആവശ്യകത വര്‍ധിച്ച അവസരത്തില്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം അടുത്തിടെ കൂടിയിരുന്നു.

നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് ആര്‍ബിഐ പലിശ നിരക്കില്‍ വലിയ കുറവ് വരുത്തേണ്ടിവരുമെന്നാണ് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട്. ഈ മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിക് പോയന്റ് കൂടി കുറയ്ക്കുമെന്ന്് ബ്ലൂംബെര്‍ഗ് ഇക്കണോമിക് സര്‍വേയും അഭിപ്രായപ്പെട്ടിരുന്നു.