നിപ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍. പനി ബാധിച്ച അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത സാമ്പിള്‍ പരിശോധനക്കയച്ചതായി മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ അറിയിച്ചു.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കേന്ദ്രസംഘമെന്നും മന്ത്രി അറിയിച്ചു. അതേ സമയം നിപ്പ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

നിപ ബാധിതനായ വിദ്യാര്‍ഥിയുടെ സഹപാഠിയും പരിചരിച്ച മൂന്ന് നഴ്‌സുമാരെയുമാണ് നേരത്തെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതിനു പുറമെയാണ് ചാലക്കുടി സ്വദേശിയായ ഒരാളെക്കൂടി പനിബാധിച്ച നിലയില്‍ കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

5 പേരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ലെങ്കിലും ഇവരുടെ രക്തസാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 311 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ പ്രത്യേകം കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.നിപ ബാധിതന് റിബാ വൈറിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.ആവശ്യമായ മരുന്നുകള്‍ ഉടന്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.