പാലാരിവട്ടം മേല്‍പ്പാലം: ബലക്ഷയം അതീവ ഗുരുതരം; കരാറുകാരുടെ ചെലവില്‍ പാലം പുതുക്കിപ്പണിയണമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമെന്ന് വിജിലന്‍സ്. ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ലെന്നും കരാറുകാരുടെ ചെലവില്‍ പാലം പുതുക്കിപ്പണിയണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ബിഡിസികെ മുന്‍ എംഡി. എ പി എം മുഹമ്മദ് ഹനീഷ് ഉള്‍പ്പടെ 17 പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ കമ്പനിയായ ആര്‍ഡിഎസ് എംഡി സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തതിനു പിന്നാലെയാണ് വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക്കുമാര്‍ 38 പേജുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സുമിത് ഗോയലിനെക്കൂടാതെ കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡ്, നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മന്‍ജുനാഥ്, ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ്, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ്, തുടങ്ങിയവരാണ് സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്.

പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തെറ്റായ രൂപകല്‍പന, നിലവാരമില്ലാത്ത നിര്‍മാണം, നിര്‍മാണത്തിലെ അപാകത കണ്ടെത്തുന്നതിലെ പിഴവ് എന്നിവയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ശരിയാകാത്തപക്ഷം പാലം പുനര്‍നിര്‍മിക്കണം.

ഇതിന്റെ ചെലവ് നിര്‍മാണ കരാറുകാരായ ആര്‍ഡിഎസില്‍നിന്ന് ഈടാക്കണം. മദ്രാസ് ഐഐടി നടത്തിയ പരിശോധനയിലെ ബലക്ഷയം സംബന്ധിച്ച കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് അപകടാവസ്ഥയിലായ പാലത്തിന്‍മേല്‍ തുടര്‍ പരീക്ഷണങ്ങള്‍ക്കും ശുപാര്‍ശ ചെയ്യുന്നുണ്ട്.

തുടരന്വേഷണം വേണമെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ 17 പേരില്‍ പ്രതികളെന്നു കണ്ടെത്തുന്നവരെ പിന്നീട് പട്ടികയില്‍ ഉള്‍പ്പെടുത്തും. ചോദ്യംചെയ്യല്‍, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും വിജിലന്‍സ് വൈകാതെ കടക്കുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ മെയ് മൂന്നിന് മന്ത്രി ജി സുധാകരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി
കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍ അശോക് കുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ട വിജിലന്‍സ് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News