മഹാരാഷ്ട്ര കോൺഗ്രസിൽ വൻ ചോർച്ച; ബിജെപിയിൽ ചേരാൻ തയ്യാറായി 10 എംഎൽഎമാർ 

മുതിർന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണ പാട്ടീൽ എംഎൽഎ സ്ഥാനം രാജി വച്ചതിന് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടത് അഭ്യൂഹങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ഇതോടൊപ്പം  പത്ത് എംഎൽഎമാർ കൂടി  കോണ്‍ഗ്രസ്  വിട്ട് ബിജെപിയിലേക്ക് ചേക്കേറുവാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നത്.  

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മഹാരാഷ്ട്രയിലെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടിയുടെ അവസ്ഥ വീണ്ടും മോശമായതിന് പ്രധാന കാരണം കോൺഗ്രസ്സിനേറ്റ കനത്ത പരാജയം തന്നെയാണ്.

രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ ദയനീയ പ്രകടനങ്ങൾ അണികളുടെ വീര്യം കെടുത്തിയതായാണ് അണിയറയിലെ  അടക്കം പറച്ചിൽ. ഇതോടെ ഭാഗ്യം തേടി പാർട്ടി വിടുന്നവരുടെ എണ്ണത്തിൽ വരും കാലങ്ങളിൽ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ്  പ്രാദേശിക നേതാക്കളും ആശങ്കപ്പെടുന്നത്.  

മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ  പാ‍ട്ടീൽ എംഎൽഎ സ്ഥാനം രാജി വച്ചിരിക്കുന്നത്   ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായാണെന്നാണ് തുടർന്നുള്ള നടപടികൾ വ്യക്തമാക്കുന്നത്.   പാർട്ടിയുടെ ഭാഗത്ത് നിന്നുള്ള  അവഗണനയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്നു രാധാകൃഷ്ണ പാട്ടീൽ വിശദീകരണം നൽകിയിട്ടുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിനു വിനയായിരിക്കുന്നത്.  രാധാകൃഷ്ണ വിഘെ പാട്ടീൽ ഔദ്യോഗികമായി ബിജെപിയിൽ ചേരുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതിന്റെ മുന്നോടിയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. 

ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാട്ടീൽ കോണ്‍ഗ്രസ് വിട്ടത്. പാട്ടീലിന് പുറകെ മുൻ മന്ത്രി അബ്ദുൽ സത്താറും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇവരടക്കം 10  എംഎൽഎമാരെ  ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് അശോക് ചാവാനും രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ മോശമായ പ്രകടനത്തിന് രാഹുൽ ഗാന്ധി മാത്രമല്ല എല്ലാ നേതാക്കളും ഉത്തരവാദികളാണെന്ന് അശോക് ചവാൻ പറഞ്ഞു.  വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here