കേരളാ കോൺഗ്രസ് തർക്കത്തിൽ പിജെ ജോസഫ് ചെയർമാൻ ആയുള്ള ജോസഫ് ഭാഗത്തിന്റെ ഒത്തുതീർപ്പ് ഫോർമുല ജോസ് കെ മാണി വിഭാഗം തള്ളി. ചെയർമാൻ സ്ഥാനം അവകാശപ്പെട്ടതാണെന്ന പിജെ ജോസഫിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം ന്യായമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.

പ്രശ്നപരിഹാരത്തിനായി സമാന്തര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ജോസ് കെ മാണിയുടെ  രഹസ്യനീക്കം. വിദേശ പര്യടനം കഴിഞ്ഞ് മോൻസ് ജോസഫ് തിരിച്ചെത്തിയതോടെ ജോസഫ് വിഭാഗത്തിൻറെ നീക്കങ്ങൾക്ക് മൂർച്ചയേറും.

ചെയർമാനായി  പി ജെ ജോസഫും വർക്കിംഗ് ചെയർമാനായി ജോസ് കെ മാണിയുമെന്ന ഒത്തുതീർപ്പ് ഫോർമുലയാണ് ജോസഫ് വിഭാഗം മുന്നോട്ട് വച്ചത്. എന്നാൽജോസ് കെ മാണിയെ അനുകൂലിക്കുന്നവർ  ഈ ആവശ്യം പൂർണ്ണമായും തള്ളി. പിജെ ജോസഫിനെ പോലെ ഓരോരുത്തർക്കും അവരുടെ ന്യായം ഉണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ പ്രതികരിച്ചു.

സംസ്ഥാന കമ്മറ്റി വിളിച്ച് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന ജോസ് കെ മാണി ഓരോ ജില്ലയിൽ നിന്നുമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും വിളിച്ചു വരുത്തി പിന്തുണ ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങി.

പിളർപ്പ് അനിവാര്യമായാൽ  കൂടുതൽ ജില്ലാ കമ്മറ്റികളെ കൂടെ നിർത്താനാണ് ഈ രഹസ്യ നീക്കം. തർക്കപരിഹാരത്തിന് എംഎൽഎമാരെയും എംപിമാരെയും മുതിർന്ന നേതാക്കളെയും വിളിച്ച് അനൗദ്യോഗിക യോഗങ്ങൾ ചേരണമെന്ന അഭിപ്രായവും  ജോസ് കെ മാണി അനുകൂലികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.  എന്നാൽ പാർലമെൻററി പാർട്ടി ചേർന്നാൽ മതി എന്ന് നിലപാടിലാണ് ജോസഫ് വിഭാഗം.