വിദ്യാലയങ്ങൾ നാളെ തുറക്കുന്നു; പ്രീസ‌്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ചു തുറക്കുന്നത് കേരളത്തിലെ സ‌്കൂൾ ചരിത്രത്തിൽ ആദ്യം. കൂടുതൽ മികവിലേക്കെത്താനാണ് ഈ വർഷത്തെ ഊന്നൽ – മന്ത്രി സി രവീന്ദ്രനാഥ് എ‍ഴുതുന്നു

നാളെ എല്ലാ വിദ്യാലയങ്ങളും തുറക്കുകയാണ്. സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും വിദ്യാലയങ്ങളിലെത്തിച്ചേരുന്ന എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യന്നു. അതോടൊപ്പം അവരെ പൊതുവിദ്യാലയങ്ങളിലേക്ക് അയച്ച രക്ഷിതാക്കളെ വിദ്യാഭ്യാസവകുപ്പിന്റെ സന്തോഷം അറിയിക്കുകയും ചെയ്യുന്നു. ഏറെ  പ്രതീക്ഷയോടെയാണ് നിങ്ങൾ  കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കയക്കുന്നത് എന്ന് സംസ്ഥാന സർക്കാർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പരമാവധി പഠനദിനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രീസ‌്കൂൾമുതൽ പന്ത്രണ്ടാം ക്ലാസുവരെ എല്ലാ ക്ലാസുകളും ജൂൺ ആറിന‌ുതന്നെ ആരംഭിക്കുന്നു. കേരളത്തിലെ സ‌്കൂൾ ചരിത്രത്തിൽ ഇത് ആദ്യമായാണ്. പലകാരണങ്ങളാൽ പതിനൊന്നാം  ക്ലാസ് അക്കാദമിക വർഷാരംഭത്തിൽ തുടങ്ങാൻ കഴിയാറില്ലായിരുന്നു.

സ‌്കൂൾ വിദ്യാഭ്യാസരംഗത്തെ പൊതുപരീക്ഷകളുടെ ഫലങ്ങളെല്ലാം  പ്രഖ്യാപിച്ചു. ഇനി കുട്ടികൾക്ക് പഠനത്തിൽ കേന്ദ്രീകരിക്കാം. പാഠ്യപദ്ധതി വിനിമയത്തിന് ഫലപ്രദമായി അധ്യാപകരെ സജ്ജമാക്കുന്ന അവധിക്കാല പരിശീലനങ്ങളെല്ലാം  പൂർത്തിയായി. അധ്യയനം ആരംഭിക്കുമ്പോൾതന്നെ  പാഠപുസ‌്തകങ്ങൾ കുട്ടികളുടെ കൈയിലെത്താനുള്ള ക്രമീകരണങ്ങളെല്ലാം ചെയ‌്തിട്ടുണ്ട‌്. മികവിന്റെ വർഷമായിട്ടായിരുന്നു കഴിഞ്ഞ അക്കാദമിക വർഷത്തെ പരിഗണിച്ചത്. അതിനെ കൂടുതൽ മികവിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ഊന്നുന്നത്. അതോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ചെയ‌്ത പ്രവർത്തനങ്ങളിലേക്കൊന്നു കണ്ണോടിച്ചു നോക്കാം.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ സ‌്കൂളുകളെ എങ്ങനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും എന്നാണ് പരിശോധിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അക്കാദമിക നിലവാരം മെച്ചപ്പെടുത്തലും ഒരുപോലെ പരിഗണിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഓരോ വിദ്യാലയവും ഒരു മാസ്റ്റർ പ്ലാനും അക്കാദമിക് മാസ്റ്റർ പ്ലാനും തയ്യാറാക്കുകയുണ്ടായി. സ‌്കൂൾ സമൂഹവും പൊതുസമൂഹവും കൂട്ടായി പ്രവർത്തിച്ചാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ 1500ലധികം വിദ്യാലയത്തിൽ നടന്നുവരുന്നു. കിഫ്ബി സഹായത്തോടെ 141 വിദ്യാലയത്തിന‌് അഞ്ചുകോടി വീതവും 395 വിദ്യാലയത്തിന‌് മൂന്ന‌ുകോടി വീതവും 444 വിദ്യാലയത്തിന‌് 1 കോടി വീതവും അനുവദിച്ചു. കൂടാതെ, പദ്ധതി വിഹിതത്തിലൂടെ 473 വിദ്യാലയത്തിനും നബാർഡ് സ‌്കീമിൽ ഉൾപ്പെടുത്തി 52 സ‌്കൂളിനും കെട്ടിടനിർമാണത്തിന‌് സൗകര്യമൊരുക്കി. എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിനായി ചലഞ്ച് ഫണ്ട് പദ്ധതി നടപ്പാക്കി. വിദ്യാലയങ്ങളും ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹൃദമാക്കുകയെന്നത‌് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു. എട്ട‌് മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറി ഹൈടെക്കാക്കിക്കഴിഞ്ഞു. ഇതിനുവേണ്ടി 59772 ലാപ്ടോപ്, 43422 മൾട്ടിമീഡിയ പ്രൊജക്ടർ, 13798 ബ്രോഡ്ബാന്റ് കണക‌്ഷൻ, 4578 ഡിഎസ്എൽആർ ക്യാമറ, 4206 ടെലിവിഷൻ, 4576 വെബ് ക്യാമറ എന്നിവയെല്ലാം സ‌്കൂളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

അക്കാദമിക മികവ് ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത‌് രക്ഷാകർത്താക്കളും അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും കൂടിയിരുന്നാണ്. പ്രസ‌്തുത മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി ആക‌്ഷൻ പ്ലാൻ തയ്യാറാക്കുകയും മുൻഗണനാടിസ്ഥാനത്തിൽ അഞ്ച‌് പ്രവർത്തനം ഓരോ സ‌്കൂളിലും നിറവേറ്റണമെന്ന് നിർദേശിക്കുകയും ചെയ‌്തു. നല്ല രീതിയിലുള്ള പ്രതികരണമാണ‌് ഇതിനു ലഭിച്ചത്. ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിന‌് പ്രയോജനകരമാകുന്ന വിധത്തിൽ ശാസ്ത്രലാബ്, ലിറ്റിൽ സയന്റിസ്റ്റ്, ഗണിതലാബ്, ഗണിത വിജയം, കുട്ടികളുടെ വായനാശീലം വളർത്തുന്നതിന‌് വായനയുടെ വസന്തം, കുട്ടികളുടെ വൈവിധ്യമുള്ള കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനുവേണ്ടി ടാലന്റ് ലാബ് തുടങ്ങിയ പദ്ധതികൾ ആവിഷ‌്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക

ജനകീയ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ജീവൻ. ജനങ്ങളുടെ പങ്കാളിത്തത്തോടും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുംകൂടി ഏറ്റെടുക്കേണ്ട ചിലകാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജൈവവൈവിധ്യ ഉദ്യാനങ്ങൾ എല്ലാ വിദ്യാലയങ്ങളിലും മികച്ച രീതിയിൽ വികസിപ്പിക്കുക എന്നത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ നാം ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. അതുപോലെ പ്രധാനമാണ് പലവിധത്തിലുള്ള വൈഭവമുള്ള  കുട്ടികളുടെ കഴിവുകൾ കണ്ടെത്തി ഏറ്റവും ഉയർന്ന തലത്തിലേക്കെത്തിക്കുക എന്നത്. പ്രാദേശിക വൈദഗ്ധ്യംകൂടി ഇതിനായി പ്രയോജനപ്പെടുത്തേണ്ടി വരും.

തങ്ങളുടെ പ്രദേശത്തുള്ള വിദ്യാലയങ്ങളുടെ മികവ് ഏറ്റവും ഉയർന്ന തലത്തിലേക്കെത്തിക്കാനുള്ള ആത്മാർഥമായ ശ്രമം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കളും അധ്യാപകരും ഏറ്റെടുക്കണം. മികച്ച ഭൗതിക സാഹചര്യങ്ങളും ഉയർന്ന അക്കാദമിക നിലവാരമുള്ള സ‌്കൂളുകൾ നമ്മുടെ കുട്ടികൾക്ക‌് ഉറപ്പാക്കണം. ലഹരി വിമുക്തവും മാലിന്യരഹിതവുമായിരിക്കണം വിദ്യാലയങ്ങൾ. ഒത്തൊരുമയോടെ നമുക്കു മുന്നോട്ടുപോകാം. ഇതിനുള്ള പ്രചോദനമായി മാറട്ടെ പ്രവേശനോത്സവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News