നമ്മള്‍ അതിജീവിക്കും; പറയുന്നത് അതിജീവനത്തിന്‍റെ രണ്ടു മുഖങ്ങള്‍

നിപാ വൈറസ‌് വീണ്ടും കേരളത്തിലെത്തുമ്പോൾ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തിൽ പറയുകയാണ‌്  നിപയെ അതിജീവിച്ച ഉബീഷും നിപ രോഗബാധ മൂലം മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവ് സജീഷും. ഒരാള്‍ നിപയോട് പടപൊരുതി തിരിച്ചെത്തിയയാള്‍. മറ്റെയാള്‍ ജീവന്‍റെ പകുതിയെ  നഷ്ടമായയാള്‍. 

മലപ്പുറം വെന്നിയൂർ സ്വദേശി ഉബീഷ‌് നിപാ രോഗി ഉള്ളപ്പോൾ മെഡിക്കൽ കോളേജിൽ സന്ദർശിച്ചിരുന്നു. തുടർന്ന‌് പനി വന്നപ്പോൾ സാധ്യത സംശയിച്ചാണ‌്  മെഡിക്കൽ കോളേജിൽ  ചികിത്സതേടിയത‌്.
മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഉബീഷ‌ിന്റെ മനസ്സിൽ ഒരുവർഷം പഴക്കമുള്ള ആശുപത്രി ദിനങ്ങളാണ‌്.  ‘രോഗ സാധ്യത മുൻകൂട്ടി കണ്ടായിരുന്നു പനി വന്നപ്പോൾ ചികിത്സ തേടിയത‌്‌.

രോഗത്തെ കുറിച്ച‌് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയതിനാൽ മറ്റുള്ളവരിലേക്ക‌് പകരാതിരിക്കാനും ശ്രദ്ധിച്ചു. മാസ‌്ക‌് ധരിച്ചാണ‌് ചെമ്മാട‌് സർക്കാർ ആശുപത്രിയിൽ പോയത‌്. കോഴിക്കോട‌് ഗവ.  മെഡിക്കൽ കോളേജിലേക്ക‌് ചികിത്സ മാറ്റണമെന്നും സ്വയം  ആവശ്യപ്പെടുകയായിരുന്നു. 

കുടുംബത്തിന്റെ സുരക്ഷ പരിഗണിച്ച‌് അവരെയും ആശുപത്രിയിലേക്ക‌് കൂട്ടി. ഡോക‌്ടർമാരുടെ നിർദേശങ്ങൾ പാലിച്ചതിൽ തന്നെ പരിചരിച്ച  കുടുംബത്തിലൊരാൾക്കും അസുഖം പകരുന്ന സാഹചര്യമുണ്ടായില്ല’–- ഉബീഷ‌് പറഞ്ഞു.

കൊച്ചിയിൽ നിപാ സംശയമെന്ന വാർത്ത തിങ്കളാഴ‌്ച പുറത്ത‌് വന്നത‌ുമുതൽ പേരാമ്പ്ര ചെമ്പനോട കുറത്തിപാറയിലെ വീട്ടിൽ സജീഷും കുടുംബവും ആശങ്കയിലായിരുന്നു. 

ഒരു ഭീതിയും ഉയർത്താത്ത രീതിയിൽ സർക്കാർ സംവിധാനം ഉണർന്നതോടെ ആദ്യം തോന്നിയ ആശങ്ക ഇപ്പോഴില്ലെന്ന‌് ഇവർ പറയുന്നു.  ‘പേടിയ‌്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ‌് തോന്നുന്നത‌്. മരുന്നടക്കമുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട‌്. 
കഴിഞ്ഞ തവണയിൽ നിന്ന‌് വ്യത്യസ‌്തമായി ആദ്യ രോഗിയിൽ നിന്ന‌് നിപാ സ്ഥിരീകരിക്കാനായി. ജാഗ്രതാ നിർദേശങ്ങൾ കൂടി പാലിച്ചാൽ  പെട്ടെന്ന‌് തന്നെ നമുക്ക‌് അതിജീവിക്കാം’ സജീഷ‌്  പറഞ്ഞു.

ഞായറാഴ‌്ച മുതൽ നിപാ സംബന്ധിച്ച വാർത്തകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മക്കൾ റിഥുലും സിദ്ധാർഥും വരെ അത‌് കേട്ട‌് നിപായെ കുറിച്ച‌് പറഞ്ഞ‌് തുടങ്ങി. ആദ്യം ആശങ്ക  തോന്നിയെങ്കിലും രോഗം സ്ഥിരീകരിക്കുംമുമ്പ‌് സർക്കാർ സംവിധാനം സുസജ്ജമായതോടെ ആശ്വാസം തോന്നി. കഴിഞ്ഞ വർഷത്തെ അനുഭവവും തുടർപ്രവർത്തനങ്ങൾക്ക‌് ആരോഗ്യവകുപ്പിന‌് കരുത്തേകും.  

ജാഗ്രത മാത്രമാണ‌് ഈ സാഹചര്യത്തിൽ മുന്നിലുള്ള പോംവഴി.നിപായുടെ അനുഭവത്തിന്റെ പശ‌്ചാത്തലത്തിൽ  കൊച്ചിയിൽ രോഗം സംശയിക്കുന്നവരുടെ കുടുംബങ്ങൾക്കിടയിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അതിന‌് തയ്യാറെന്നും സജീഷ‌് പറയുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചതായും സജീഷ‌് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here