പ്രകൃതിക്ക് പോറല്‍ ഏല്‍പ്പിക്കാതെ വരുംതലമുറയ്ക്കു കൈമാറണം: രാജു ഏബ്രഹാം

പ്രകൃതിയെ യാതൊരുവിധ പോറലും ഏല്‍പ്പിക്കാതെ വരുംതലമുറയ്ക്കു കൈമാറാന്‍ നാം ബാധ്യസ്ഥരാണെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വനം വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനപ്പെടുത്തുന്നതു മൂലം പ്രകൃതിക്കുണ്ടാകുന്ന ആഘാതം വലുതാണ്. മലിനീകരണം മൂലം പ്രാണവായുവിനായി ഓക്‌സിജന്‍ മാസ്‌ക് പോലും ഭാവിയില്‍ നാം കരുതേണ്ട അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എംഎല്‍എ പറഞ്ഞു. റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഇലഞ്ഞി വൃക്ഷത്തൈ നട്ട് എംഎല്‍എ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മറ്റ് ജനപ്രതിനിധികളും വിവിധ വൃക്ഷത്തൈകള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ആര്‍. അഭിലാഷിനെ വനമിത്ര പുരസ്‌കാരം നല്‍കി എംഎല്‍എ ആദരിച്ചു. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതു മൂലമുള്ള പ്രത്യാഘാതം പരിഹരിക്കുന്നതിന് പരമാവധി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കണമെന്നും പരിസ്ഥിതി സന്ദേശം നല്‍കിയ കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.പി. സുനില്‍ബാബു പറഞ്ഞു. 

ജില്ലയിലെ കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുത്ത കാവ് ഉടമസ്ഥര്‍ക്കുള്ള പ്രശംസാപത്രം ചടങ്ങില്‍ നല്‍കി. പ്രമാടം ചില്ലിക്കാട്ട് വാസുദേവന്‍ നായര്‍ കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ പ്രശംസാ പത്രം ഏറ്റുവാങ്ങി. ജില്ലയിലെ എട്ട് കാവ് ഉടമകള്‍ക്കാണ് പ്രശംസാപത്രം നല്‍കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

പരിസ്ഥിതി സംരക്ഷണ പങ്കാളിയായ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള പ്രശംസാ പത്രം എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ജെ. മനോജില്‍ നിന്നും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിനു സി ഏബ്രഹാം ഏറ്റുവാങ്ങി.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി. സുഭാഷ്, സോഷ്യല്‍ ഫോറസ്ട്രി റാന്നി റേഞ്ച് ഓഫീസര്‍ പി.എ. ഹിലാല്‍ബാബു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, റാന്നി ഗ്രാമപഞ്ചായത്തംഗം വേണുഗോപാല്‍, വി.എം. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഈവര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 64 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്.  വായു മലിനീകരണത്തെ തോല്‍പിക്കുകയെന്നതാണ് ഈവര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News