പച്ചത്തുരുത്തുകളിലൂടെ പ്രകൃതി ദുരന്തങ്ങളെ  പ്രതിരോധിക്കാം: ചിറ്റയം ഗോപകുമാര്‍

പ്രകൃതി ദുരന്തങ്ങളെയും വായുമലിനീകരണത്തെയും പ്രതിരോധിക്കുകയെന്നതാണ് പച്ചത്തുരുത്തുകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുല്ലോട്ട് ഡാം നവീകരണത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചുവെന്ന് എംഎഎല്‍എ പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പച്ചത്തുരുത്തുകള്‍ അനിവാര്യമായി മാറുകയാണ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്തുകളുടെ രൂപീകരണം.

പ്രകൃതിയെ സംരക്ഷിക്കേണ്ടതും വായു മലിനീകരണം പ്രതിരോധിക്കേണ്ടതും നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി എംഎല്‍എ സംവദിക്കുകയും തൈകള്‍ അവര്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.  പ്രകൃതിയെ വിശ്വസിക്കുന്നവരെ അത് ചതിക്കുകയില്ലെന്നും പ്രകൃതിയിലേക്ക് നാം മടങ്ങണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണാദേവി പറഞ്ഞു.

ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി അവതരിപ്പിച്ചു. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം ആര്‍.ബി. രാജീവ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.രമാദേവി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.കൃഷ്ണന്‍ കുട്ടി,  കില ഫെസിലിറ്റേറ്റര്‍ എം.കെ.വാസു, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മോന്‍സി.വി.ജോണ്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ എസ്. ആദില, തദ്ദേശഭരണസ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടു. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഹരിത കേരള മിഷന്‍ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 25 ഏക്കറിലായി 54 പച്ചത്തുരുത്തുകളാണ് ജില്ലയില്‍ സ്ഥാപിക്കുക.  ഇതിനായി ഒരുലക്ഷത്തോളം തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയുടേയും, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും നഴ്സറികളിലായി തയാറാക്കി.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പുറമ്പോക്ക് ഭൂമികള്‍, വിദ്യാലയങ്ങള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് സ്ഥാപിക്കുക. ഓരോ പ്രദേശത്തും അവിടുത്തെ ജൈവ വൈവിധ്യത്തിന്റെ ഭാഗമായി സ്വാഭാവികമായി വളരുന്ന വിവിധയിനം വൃക്ഷങ്ങള്‍, ചെറുമരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ തുടങ്ങിയവ പച്ചത്തുരുത്തില്‍ വച്ചു പിടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News