രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിട്ടത്.ദക്ഷിണാഫ്രിക്കയെ രണ്ട് ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ വിജയശിൽപ്പി. 144 പന്തുകൾ നേരിട്ട രോഹിത് 122 റൺ നേടി പുറത്താകാതെ നിന്നു. കളിയിലെ കേമനും രോഹിതാണ്. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍(8) മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു.
രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും(18) മടങ്ങി. ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ വിക്കറ്റിന് പിന്നില്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്. നാലാം നമ്പറില്‍ എത്തിയ രാഹുല്‍, രോഹിതുമായി 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റബാഡ പുറത്താക്കി.
ഡുപ്ലസിക്കാണ് രാഹുലിന്‍റെ ക്യാച്ച്. രോഹിതിനൊപ്പം ധോണിയെത്തിയതോടെ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിത് 128 പന്തില്‍ 23-ാം ഏകദിന ശതകം തികച്ചു. എന്നാല്‍ 47-ാം ഓവറിലെ ആദ്യ പന്തില്‍ മോറിസ് ധോണിയെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ജയത്തെ ബാധിച്ചില്ല.
രോഹിതും(122) ഹാര്‍ദികും(15) ക്രീസില്‍ നില്‍ക്കേ ഇന്ത്യ 48-ാം ഓവറില്‍ ജയത്തിലെത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.
യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തി ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ആ തകര്‍ച്ചയില്‍ നിന്ന് കരകറാന്‍ അവര്‍ക്കായതുമില്ല.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഞെട്ടിച്ചു. 24 റണ്‍സെടുക്കുന്നതിനിടെ രണ്ട് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ കൂടാരം കയറി. ഇരുവരേയും ബുംറയാണ് പുറത്താക്കിയത്.

Get real time update about this post categories directly on your device, subscribe now.