എല്ലാ മന്ത്രിമാര്‍ക്കും പഞ്ചവത്സര പദ്ധതി വേണമെന്ന് മോദി

കേന്ദ്ര കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ എല്ലാ മന്ത്രിമാരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പഞ്ചവത്സര പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായാണ് വിവരം. മെയ് 31നായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര കാബിനറ്റ് യോഗം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ മന്ത്രിമാരുടെയും പദ്ധതിയാവിഷ്‌കാരം.ഇതിനകം തന്നെ ഒരു നൂറുദിന പദ്ധതിയും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും ഈ അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യല്‍. ഈ പദ്ധതിയാവിഷ്‌കാരങ്ങളെല്ലാം തന്നെ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ വിമര്‍ശനം നേരിട്ട ഒന്നായിരുന്നു മുന്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലായെന്നത് . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ പരാജയമായി മാറിയിരുന്നു. നിക്ഷേപങ്ങള്‍ കാര്യമായുണ്ടായില്ലെന്നു മാത്രമല്ല, സാമ്പത്തികരംഗം ഇടിയുകയും ചെയ്തു.

അതുപോലെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ച ഏറെ താഴെ പോയിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയ്ക്ക് രാജ്യം കണ്ടിട്ടില്ലാത്ത വിധത്തില്‍ രൂക്്ഷമായി . ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരിക്കും മോദി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്ന്.

ഈ പ്രശ്‌നങ്ങളെ നേരിടാന്‍ അമിത് ഷാ കൂടി ഉള്‍പ്പെട്ട രണ്ട് കാബിനറ്റ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപ പ്രശ്‌നമാണ് ആദ്യത്തെ കമ്മറ്റി പരിഗണിക്കുക. പ്രധാനമന്ത്രിക്ക് പുറമേ അമിത് ഷാ, റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയാണിത്.

രണ്ടാമത്തെ കമ്മിറ്റി തൊഴിലില്ലായ്മാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളാരായും. വൈദഗ്ധ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ഇവര്‍ രൂപീകരിക്കും. ഈ പാനലില്‍ പത്ത് അംഗങ്ങളാണ് ഉണ്ടാവുക. പ്രധാനമന്ത്രി, അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ക്ക് പുറമേ, കൃഷി, ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മാനവവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്, പെട്രോളിയം, സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സ്‌കില്‍, എന്‌ട്രെപ്രേനേര്‍ഷിപ് മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍, ഹൌസിംഗ്, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News