തൊട്ടപ്പന്‍ തൊടുന്നത് തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ഇതിഹാസം

മലയാള സിനിമ തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ആഖ്യാനം വിസ്തരിച്ചു തൊടുന്ന സിനിമയാണ് തൊട്ടപ്പനെന്ന് മാധ്യമ പ്രവര്‍ത്തകനായ ബിജു മുത്തത്തി. ഈ സിനിമയിലെ പാട്ടില്‍ പറയുന്ന പ്രാന്തന്‍കണ്ടലുകള്‍ പോലെ ഭൂമിയുടെ പ്രാന്തങ്ങളില്‍ വളരുന്ന മനുഷ്യരുടെ കലര്‍പ്പില്ലാത്ത ജീവിതമാണ് ഈ സിനിമ. വിനായകന്റെ വിമത നായകത്വം സിനിമയില്‍ കൊടുമുടിയായി നില്‍ക്കുമ്പോഴും ഏറ്റവും ശക്തമായും പ്രസക്തമായും ഭാവനയെയും ചിന്തയെയും തൊടുന്നത് പ്രിയംവദയുടെ സാറയെന്ന കഥാപാത്രമാണെന്നും അദ്ദേഹം എഴുതുന്നു.

 

ബിജു മുത്തത്തിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:


”മറ്റൊരു ഭൂപ്രകൃതിയും മനുഷ്യരുമാണ് തൊട്ടപ്പനില്‍. മലയാള സിനിമ തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ആഖ്യാനം വിസ്തരിച്ചു തൊടുന്നുണ്ട് ഈ സിനിമ. പ്രകൃതിപോലെ യഥാര്‍ത്ഥ്യമായ, കായല്‍ പോലെ തെളിഞ്ഞ, കായല്‍ച്ചെളി പോലെ നിറഞ്ഞ ഒരു ന്യൂനപക്ഷത്തിന്റെ ഏകീകരണമാണ് സിനിമ; സിനിമയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ നല്ല ഉദ്ദേശത്തില്‍. മലയാള സിനിമ നേരത്തെ ജയിച്ച ചില വ്യാജ കാല്‍പ്പനിക മണ്ഡലങ്ങളെ അത് തോല്‍പ്പിക്കുന്നു. പുതിയ പുതിയ ജീവിത മണ്ഡലങ്ങളുടെ ഹൃദയങ്ങള്‍ തുറന്നു കാട്ടുന്നു.

പാട്ടില്‍ പറയുന്ന പ്രാന്തന്‍കണ്ടലുകള്‍ പോലെ ഭൂമിയുടെ പ്രാന്തങ്ങളില്‍ വളരുന്ന മനുഷ്യരുടെ കലര്‍പ്പില്ലാത്ത ജീവിതമാണ് തൊട്ടപ്പന്‍. ജീവിതത്തില്‍ കള്ളമില്ലാത്ത തലതൊട്ടപ്പന്മാരുടെ ജീവിതം. പ്രകൃതിയുടെയും, പ്രകൃതങ്ങളുടെയും പല തുരുത്തുകളായി ചിതറിപ്പോയവരുടെ അതിജീവനത്തിന്റെ സ്‌നേഹവും യുദ്ധവും നിറഞ്ഞതാണ് ആദ്യാവസാനം സിനിമ.

രൂക്ഷമായ സ്‌നേഹത്തിന്റെ ഇതിഹാസമായി വേറെ അഭിനയിച്ച് ഫലിപ്പിക്കേണ്ടതില്ലാത്ത ഭാഷയില്‍, വേറെ കെട്ടിയിറക്കേണ്ടതില്ലാത്ത ശരീരത്തില്‍ വിനായകന്റെ തൊട്ടപ്പന്‍ മനസ്സില്‍ കൊടുമുടിയായി നിറഞ്ഞു നില്‍ക്കുന്നു. ആ വിമത ‘നായകത്വം’ നമ്മള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഏറ്റവും ശക്തവും പ്രസക്തവുമായി ഭാവനയെയും ചിന്തയെയും തൊടുന്നത് സാറയുടെ കഥാപത്രമാണ്.

പ്രിയംവദ അത് ഗംഭീരമാക്കി. മലയാള സിനിമയിലേക്കുള്ള പുതിയ വാഗ്ദാനമാകും ഈ പെണ്‍കുട്ടി. നമ്മുടെ പുതിയ നിര നടികളിലേക്ക്, പുതിയതിലും പുതിയതായാണ് പ്രിയംവദ കടന്നു വരുന്നത്.

പ്രകൃതിയും സ്ത്രീയും മാത്രം ബാക്കിയാകുന്ന ഒരു വിഹക ദൃശ്യത്തിലാണ് സിനിമ തീരുന്നത്. കഥയില്‍ വിരാജിച്ച ആണത്തങ്ങളെല്ലാം മണ്ണോടു മരിച്ചു ചേരുന്നു. ആണിന്റെ സ്‌നേഹം കൊണ്ടും കാമനകള്‍ കൊണ്ടും കെട്ടിയിടപ്പെട്ട സ്ത്രീ പ്രകൃതിയിലേക്ക് സ്വതന്ത്രമാക്കപ്പെട്ട പോലെ, വിമോചിക്കപ്പെട്ട പോലെ ഒരു പാഠം ദൃശ്യം കൊണ്ട് പറയുന്നു സിനിമ.

ക്യാമറ ആകാശത്തേക്ക് ഉയരുന്തോറും പ്രകൃതി മാത്രം കണ്ണില്‍ ബാക്കിയാവുന്നു- ലോക പരിസ്ഥിതി ദിനത്തില്‍ കൂടിയാണ് സിനിമ പുറത്തിറങ്ങിയതെന്ന് കൂടെ ഓര്‍ത്താല്‍ ഈ സിനിമയിലെ പ്രകൃതിക്കും വേറൊരു അര്‍ത്ഥം കിട്ടും. അങ്ങനെ ഓരോ നിമിഷത്തിലേക്കു പോലും സമകാലികമായി കാണാവുന്ന സിനിമയാണ് തൊട്ടപ്പന്‍.

ഫ്രാന്‍സിസ് നെറോണയുടേതാണ് സിനിമയുടെ കഥ. മലയാളത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണത്. തര്‍ക്കമില്ല. എന്നാല്‍ കഥയും സിനിമയും രണ്ടാണ്. കഥയോട്, സാഹിത്യത്തോട് ഒട്ടും നീതി പുലര്‍ത്തിയിട്ടില്ല സിനിമ. അതാണ് സിനിമയുടെ ഭംഗി. സിനിമ കഥയോട് നീതി പുലര്‍ത്താന്‍ പോയി സാഹിത്യ നാടകം കെട്ടിയാടിയിരുന്ന കാലം കഴിഞ്ഞു.

കഥ തീപ്പെട്ടിക്കമ്പായി സിനിമ തീയായിപ്പടരണം- അത്രയേ കഥയ്ക്ക് സിനിമയില്‍ സ്ഥാനമുള്ളൂ എന്ന് സുരേഷ് രാജന്റെ ക്യാമറയും പിഎസ് റഫീഖിന്റെ രചനയും ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാന മികവും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് നെറോണയുടെ കഥ ചെറുതാവുന്നുമില്ല. ഈ വിജയം നെറോണയുടെ കൂടിയാണുതാനും. അങ്ങനെയൊരു ചര്‍ച്ച നടക്കുന്നതു കൊണ്ട് പറയുന്നതാണ്. എന്തായാലും തൊട്ടപ്പന്‍ മലയാള സിനിമാഭാവനയുടെ വേറെ ആകാശവും ഭൂമിയും തൊടുന്നുവെന്നതില്‍ തര്‍ക്കമില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News