തൃശ്ശൂര്‍: കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാവരുടെയും സഹകരണത്തോടെ ഇത് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിലെ ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി . അറുപതോളം കുട്ടികളാണ് ഈ സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷംതന്നെ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഓരോ നിയമസഭാ മണ്ഡലത്തിലും 1 സ്വിമ്മിങ് പൂളെങ്കിലും നിര്‍മ്മിക്കും. 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും മുഖ്യമന്ത്രിയുടെ ശ്രദ്ധയുമാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. ഇതുവരെ പൊതുവിദ്യാഭ്യാസത്തിന് നല്‍കിയ പിന്തുണ എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മനസ്സില്‍ നിറയെ പ്രതീക്ഷകളോടെയാണ് കുട്ടികള്‍ വരുന്നത്. ആ പ്രതീക്ഷ അര്‍ത്ഥപൂര്‍ണമാക്കുക എന്നതാണ് നമ്മുടെ കടമ. അത് നാം ഏറ്റെടുക്കണം. എല്ലാ സ്‌കൂളുകളിലേക്കും കടന്നുവന്ന കുട്ടികളെ വിദ്യാഭ്യാസ വകുപ്പിനുവണ്ടി സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.എല്ലാ ക്ലാസ്സുകളും ഒരുമിച്ച് തുടങ്ങാന്‍ കഴിഞ്ഞതിലൂടെ അക്കാദമിക് ആസൂത്രണത്തിന് കൂടുതല്‍ സമയം ലഭിക്കുന്നു. സ്‌കൂളുകള്‍ കൂടുതല്‍ ഹൈടെക് ആകാന്‍ പോകുന്നതും ഈ വര്‍ഷം തന്നെയാണ് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്.ഒന്നാംക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതല്‍ സമ്മാനങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.