മുംബൈ: തുടര്‍ച്ചയായി മൂന്നാംതവണയും അടിസ്ഥാന നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പനയം.
രാജ്യം നേരിടുന്ന വളര്‍ച്ചമുരടിപ്പ് തടയുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഇതോടൊപ്പം ധനനയസ്ഥിതി ‘നിഷ്പക്ഷം’ (ന്യൂട്രല്‍) എന്ന നിലയില്‍നിന്ന് ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കമഡേറ്റീവ്) എന്ന നിലയിലേക്കും മാറ്റിയിട്ടുണ്ട് .

സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമൊഴുക്കാനും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കുന്ന നയങ്ങള്‍ സ്വീകരിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വാണിജ്യബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന പണത്തിനു ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ശതമാനം വീതം കുറച്ചു. റിപ്പോനിരക്ക് കുറച്ചതിലൂടെ ഭവനവായ്പ നിരക്ക് കുറയുന്നത് വഴി റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കൂടുതല്‍ ഗുണമാകും .  ഇത് തൊഴിലവസരം സൃഷ്ടിക്കുകയും ഭവന-വാഹന വായ്പനിരക്കുകളുടെ തിരിച്ചടവ് കുറയുന്നതിനും കാരണമാകും.

ഈവര്‍ഷം ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലായി റിപ്പോ നിരക്കില്‍ ഇതുവരെ മുക്കാല്‍ ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് .  ഇതുവഴി വിപണിയില്‍ കൂടുതല്‍ പണമെത്തിക്കുകയാണ് ലക്ഷ്യം. നിരക്ക് കുറച്ചതിനെക്കാള്‍ വിപണിയില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

നിരക്കുകുറച്ചതിന്റെ നേട്ടം ഇടപാടുകാര്‍ക്ക് എത്രയും വേഗം ലഭ്യമാക്കാന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്തദാസ് ബാങ്കുകളോട് അഭ്യര്‍ഥിച്ചു.  ശക്തികാന്തദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകനസമിതി ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തതെന്നും നയപ്രഖ്യാപനത്തിനുശേഷം പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.