പുതുനഗരം പെരുവയല്‍ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ പഠിക്കാം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കൈകോര്‍ത്ത് പാലക്കാട് ജില്ലാ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് റൂമൊരുക്കി നല്‍കിയത്. ചുവരില്‍ വിവിധ വര്‍ണ്ണങ്ങള് വിവിധ തരത്തിലുള്ള കിളികള്‍, നൃത്തരൂപങ്ങള്‍.

പുതിയ അധ്യയനവര്‍ഷത്തില്‍ പുതുനഗരം കാട്ടുതെരുവ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേറ്റത് സ്മാര്‍ട്ട് ക്ലാസ് റൂമാണ്. പ്രൊജക്ടറും, കന്പ്യൂട്ടറുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്ലാസിലൊരുക്കിയിട്ടുണ്ട്. നിലം ടൈല്‍ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്.  ട്വന്റി-ട്വന്റിയെന്ന പേരില്‍ സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുതത്തി മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഒരു ക്ലാസ് മുറി നവീകരിച്ചത്.


അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശയത്തിനും സ്വപ്നത്തിനുമൊപ്പം കൈകോര്‍ത്ത് ആദ്യ ക്ലാസ്മുറി പാലക്കാട് ജില്ലാ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കൈകോര്‍ത്ത് കൂടുതല്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത് നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പതിനാറ് വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സ്‌കൂളില്‍ ഇത്തവണ 28 കുട്ടികളുണ്ട്. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയുമെല്ലാം സഹായത്തോടെ 2020ഓടെ സ്‌കൂളിലെ മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ടാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.