നിപ നിയന്ത്രണവിധേയം: പ്രതിരോധ നടപടികള്‍ തുടരാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം

നിപ നിയന്ത്രണവിധേയമായെങ്കിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യമന്ത്രാലയം. കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്നയാളുടെ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞു.

നിപ നിയന്ത്രണവിധേയമായെങ്കിലും പ്രതിരോധ നടപടികള്‍ തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കളമശേരി ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചെങ്കിലും അടുത്ത മാസം പകുതി വരെ നിരീക്ഷണം തുടരും.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നിപ രോഗം കണ്ടെത്താനുളള പരിശോധന കളമശേരി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബിലും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 30 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ രണ്ടാമത്തെ ഐസലേഷന്‍ വാര്‍ഡും കളമശേരി മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയിട്ടുണ്ട്.

ഐസലേഷന്‍ വാര്‍ഡില്‍ പ്രത്യേകം പരിശീലനം നല്‍കിയ 70 ഡോക്ടര്‍മാരുടെയും 102 പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും 30 അറ്റന്‍ഡര്‍മാരുടെയും സേവനം ലഭ്യമാണ്.

നിപ രോഗിയുമായി സന്പര്‍ക്കത്തിലുളള 318 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നിപയുടെ ഉറവിടം കണ്ടെത്താനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഭോപ്പാലില്‍ നിന്നുളള വിദഗ്ധ സംഘം ഇതിനായി പറവൂര്‍ വടക്കേക്കരയിലെ നിപ സ്ഥിരീകരിച്ച യുവാവിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഭോപ്പോല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നിന്നുളള സംഘമാണ് പരിശോധന നടത്തുന്നത്. വവ്വാലുകളുടെ സാന്നിധ്യമുളള പ്രദേശങ്ങളിലും പന്നിഫാമുകളിലും സംഘം പരിശോധന നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News