സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ ശക്തമായ മഴ സംസ്ഥാന വ്യാപകമായി ലഭിക്കും. നാല് ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായത് മുതല്‍ അതിശക്തമായ മഴയാണ് കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ഈ മാസം 6ന് സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നെങ്കിലും അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് വൈകാന്‍ കാരണമാകുന്നത്. എന്നാല്‍ നിലവില്‍ സംസ്ഥാനം അനുകൂല സാഹചര്യത്തിലെക്കെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്.സന്തോഷ് പറഞ്ഞു

കാലവര്‍ഷത്തിന്റെ ഭാഗമായി നാളെ മുതല്‍ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയും 11 മുതല്‍20 സെന്റീമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയും സംസ്ഥാനത്ത് ലഭിക്കും. എന്നാല്‍ നാളെ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമ്പോള്‍ മഴ ദുര്‍ബലമാകും. ഈ ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമ്പോള്‍ മഴ ശക്തിപ്പെടും.

മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂണ്‍ 9നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് വേനല്‍ മഴയില്‍ 55 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും മികച്ച കാലവര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.