മാസങ്ങളായി ഫ്രഞ്ച് പൊലീസിനെ വലച്ചുകളഞ്ഞ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞത് സിഗരറ്റ് ലൈറ്ററിന്റെ സഹായത്തോടെ. ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരനെയാണ് പോക്കറ്റില്‍നിന്ന് കണ്ടെത്തിയ സിഗററ്റ് ലൈറ്ററിലൂടെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഒക്ടോബറിലാണ് ബോര്‍ബോര്‍ഗില്‍ ഒരു ചാക്കില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു വിവരവും ലഭ്യമായിരുന്നില്ല. ഡിഎന്‍എയും വിരലടയാളവും വഴി ആളെ കണ്ടെത്താനുള്ള ഫ്രഞ്ച് പൊലീസിന്റെ ശ്രമവും പരാജയപ്പെട്ടു.

കൊല്ലപ്പെട്ടയാളുടെ ട്രൗസറിന്റെ കീശയില്‍നിന്ന് ലഭിച്ച സിഗററ്റ് ലൈറ്ററാണ് വഴിത്തിരിവായത്. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലും ‘ക്രോയെഗ് കഫേ’ എന്ന് ലൈറ്ററില്‍ എഴുതിയിരുന്നു. ബെല്‍ജിയത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ കാണാതായ ദര്‍ശന്‍ സിങ്ങിന്റേതാ (42)ണ് മൃതദേഹമെന്ന് ഇതോടെ പൊലീസ് സ്ഥിരീകരിച്ചു.

ഡച്ച് അതിര്‍ത്തിക്കു സമീപം ഇയാള്‍ താമാസിച്ചിരുന്ന റാവല്‍സിലെ പബ്ബിലെ ലൈറ്ററാണ് ഇതെന്ന് വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യക്കാരനെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്യുകയുംചെയ്തു.