ദുബായില്‍ ബസപകടത്തില്‍ മരിച്ച എട്ട് മലയാളികളേയും തിരിച്ചറിഞ്ഞു. തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍ വിഷ്ണു ദാസ്, കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, തൃശൂര്‍ സ്വദേശി കിരണ്‍ ജോണി, തലശേരി സ്വദേശികളായ ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍, രാജന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറി 17
പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒമാനില്‍നിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. ബസ് പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതില്‍ ഏറെയുമെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.