കാലിക്കറ്റ് സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് സമ്പൂര്‍ണാധിപത്യം 12ല്‍ 10 സീറ്റ്; ഒരു സീറ്റും ജയിക്കാതെ കോണ്‍ഗ്രസ്


തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടില്‍ പത്ത് സീറ്റുംനേടി എല്‍ഡിഎഫിന് മിന്നുംവിജയം.

മുസ്ലിംലീഗിന് രണ്ട് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരും ജയിച്ചില്ല.

പ്രൊഫ. എം എം നാരായണന്‍, യു പ്രദീപ് എംഎല്‍എ, അഡ്വ. ടോം കെ തോമസ്, എ കെ രമേശ്ബാബു, ഡോ. കെ പി വിനോദ്കുമാര്‍, ഡോ. എം മനോഹരന്‍, എം ജയകൃഷ്ണന്‍, ഡോ. റിജുലാല്‍, ഇ അഫ്സല്‍, ഇ അബ്ദുറഹീം എന്നിവരാണ് സിന്‍ഡിക്കറ്റിലെത്തിയ ഇടതുപക്ഷ പ്രതിനിധികള്‍.

ഡോ. റഷീദ് അഹമ്മദ്, എന്‍ വി അബ്ദുറഹീം എന്നിവര്‍ മുസ്ലിംലീഗ് പാനലില്‍ വിജയിച്ചു.

ആകെയുള്ള 104 സെനറ്റംഗങ്ങളില്‍ 99 പേര്‍ വോട്ടുചെയ്തു. ഒരുവോട്ട് അസാധുവായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വോട്ടുചെയ്യാനെത്തി.

ഇടതുപക്ഷ പ്രതിനിധിയായി വിജയിച്ച പ്രൊഫ. എം എം നാരായണന്‍ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമാണ്.

യു പ്രദീപ് ചേലക്കരയില്‍നിന്നുള്ള നിയമസഭാംഗവും സിപിഐ എം ചേലക്കര ഏരിയാ കമ്മിറ്റിയംഗവുമാണ്.

എ കെ രമേശ് ബാബു ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. നിലവില്‍ സിപിഐ എം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം.

അഡ്വ. ടോം കെ തോമസ് സിപിഐ എം വണ്ടൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കൗണ്‍സിലംഗവുമാണ്.

മമ്പാട് എംഇഎസ് കോളേജ് കൊമേഴ്സ് വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറായ ഡോ. കെ പി വിനോദ്കുമാര്‍ എകെപിസിടിഎ സംസ്ഥാന സെക്രട്ടറികൂടിയാണ്.

ചിറ്റൂര്‍ ഗവ. കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജി റിജുലാല്‍ മുന്‍ സിന്‍ഡിക്കറ്റംഗവും എകെജിസിടി പാലക്കാട് ജില്ലാ സെക്രട്ടറിയുമാണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറായ ഡോ. എം മനോഹരന്‍ ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസറാണ്.

പാലക്കാട് ഗോവിന്ദപുരത്തെ സ്നേഹ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ മാനേജരും ചെയര്‍മാനുമാണ് ഇ അബ്ദുറഹീം.

കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് ഗേള്‍സ് സ്‌കൂള്‍ പ്രധാനാധ്യാപകനാണ് വിജയിച്ച എം ജയകൃഷ്ണന്‍.

വിദ്യാര്‍ഥി പ്രതിനിധിയായി ജയിച്ച ഇ അഫ്സല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഡിഗ്രി പൂര്‍ത്തീകരിച്ച് പിജി പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്.

എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

അരീക്കോട് സുല്ലമുസലാം സയന്‍സ് കോളേജ് മാനേജരാണ് എന്‍ വി അബ്ദുറഹ്മാന്‍.

കരുവാരക്കുണ്ട് കെടിഎം കോളേജ് ഓഫ് അഡ്വന്‍സ്ഡ് സ്റ്റഡീസ് അറബിക് വിഭാഗത്തില്‍ അസിസ്റ്റ?ന്റ് പ്രൊഫസറാണ് സികെടിയു സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഡോ. റഷീദ് അഹമ്മദ്.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്യാമ്പസില്‍ ഇടതുപക്ഷ സംഘടനകള്‍ പ്രകടനം നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധന്‍ വള്ളിക്കുന്ന്, ഡോ. എം സത്യന്‍, ഡോ. ടി മുഹമ്മദ് സലീം, കെ എ സക്കീര്‍, ടി സബീഷ്, ഡോ. ബി എസ് ഹരികുമാരന്‍ തമ്പി, കെ കെ ഹനീഫ, പ്രൊഫ. എം എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here