കൊച്ചി: നിപാ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. നിലവില്‍ ചെറിയ പനിമാത്രമേയുളളൂവെന്നും ഭക്ഷണം കഴിക്കുകയും അമ്മയുമായി സംസാരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി.

നിപാബാധയെന്ന സംശയത്തില്‍ അടിമാലി സ്വദേശിയെ വെള്ളിയാഴ്ച എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 വയസ്സുള്ള ഇയാള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥസംഘവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നിപാ വൈറസ്- പരത്തുന്ന ഇനത്തില്‍പ്പെട്ട പഴംതീനി വവ്വാലുകളെ കണ്ടെത്തി. പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്തിനു സമീപം മടപ്ലാതുരുത്ത് പള്ളിയുടെ കിഴക്കു ഭാഗത്തും വാവക്കാടുമാണ് ഇവയെ കൂട്ടത്തോടെ കണ്ടെത്തിയത്. ഇവ രോഗാണു വാഹകരാണോ എന്നറിയാന്‍ പരിശോധന നടത്തും. രണ്ടിടത്ത് വലവിരിച്ച് വവ്വാലുകളെ പിടികൂടിയിട്ടുണ്ട്.

പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള ഡോ. ഗോഖ്‌റെ, ഡോ. ബാലസുബ്രഹ്മണ്യം, ഡോ. സുദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള തെരച്ചില്‍. മൃഗസംരക്ഷണ വകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിപാ രോഗിയുടെ വീടും പരിസരവും പരിശോധിച്ചു.

പ്രദേശത്തെ കന്നുകാലി, പന്നി ഫാമുകളിലും പരിശോധന നടത്തി. ചിറ്റാറ്റുകര പഞ്ചായത്തിന്റെ പട്ടണം പ്രദേശത്ത് ഭോപാല്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലെ വിദഗ്ധര്‍ സന്ദര്‍ശനം നടത്തി. വവ്വാലുകളുടെ കാഷ്ഠവും മറ്റ് അവശിഷ്ടങ്ങളും പരിശോധനയ്ക്കായി ഇവര്‍ ശേഖരിച്ചു.നിപാ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 318 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ 52 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇവര്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോ മണിക്കൂറുകളോളം ഒന്നിച്ചുകഴിഞ്ഞവരോ ആണ്.