കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴുഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുംവരെ മേ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. എന്നാല്‍, ബ്രെക്‌സിറ്റ് നടപടികള്‍ മേയുടെ നേതൃത്വത്തില്‍ തുടരില്ല. പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി ജൂലൈ അവസാനവാരം ഉണ്ടാകാനാണ് സാധ്യത.

ഒക്ടോബര്‍ 31 ആണ് ബ്രെക്‌സിറ്റിനായി നിശ്ചയിച്ച തീയതി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതില്‍ 2016ല്‍ നടന്ന ഹിതപരിശോധനയെത്തുടര്‍ന്നാണ് മേ പ്രധാനമന്ത്രിയായത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള (ബ്രെക്‌സിറ്റ്) കരാറുണ്ടാക്കാന്‍ മൂന്നുവര്‍ഷങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും രണ്ടുതവണ ബ്രെക്‌സിറ്റ് തീയതി നീട്ടിവയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അവര്‍ രാജി പ്രഖ്യാപിച്ചത്.

പകരം ചുമതലയേറ്റെടുക്കാന്‍ മുന്‍ വിദേശമന്ത്രി ബോറിസ് ജോണ്‍സണടക്കം 11 കണ്‍സര്‍വേറ്റീവ് എംപിമാര്‍ മത്സരത്തിലുണ്ട്.വിജയിക്കുന്നയാള്‍ക്ക് മേയുടെ കരാറിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകണോ, ബ്രെക്‌സിറ്റ് വീണ്ടും മാറ്റിവയ്ക്കണോ കരാറില്ലാതെ ഇയുവില്‍നിന്ന് പുറത്തുപോകണോ എന്നകാര്യത്തില്‍ നിര്‍ണായക തീരുമാനത്തിലെത്താന്‍ മാസങ്ങള്‍മാത്രമേ ലഭിക്കൂ.

കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയംകൊയ്ത ബ്രെക്‌സിറ്റ് പാര്‍ടി കരാറില്ലാത്ത (നോ ഡീല്‍) ബ്രെക്‌സിറ്റിനായി സമ്മര്‍ദം തുടരുകയാണ്. ബ്രിട്ടന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കരാറില്ലാത്ത ബ്രെക്‌സിറ്റ് നിര്‍ദേശിച്ചിരുന്നു.