വൈറസ്; മലയാളിയുടെ ജീവന്മരണ സിനിമ

മനുഷ്യന് ചെയ്യാവുന്നതെല്ലാം, മനുഷ്യന് ചെയ്യാനാവുന്നതെല്ലാം’ – ആല്‍ബര്‍ കാമുവിന്റെ പ്ലേഗിലാണ് ലോകം ഈ വാചകം ഏറ്റവും അര്‍ത്ഥമുളള മുഴക്കത്തില്‍ കേട്ടത്.

മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ മനുഷ്യരിലുള്ള വിശ്വാസം കൊണ്ട് തന്നെ മറികടക്കാനാവുമെന്ന മഹാസത്യമാണ് ലോകം ഉള്‍ക്കിടിലത്തോടെ വായിച്ചു മടക്കിവെച്ച പ്ലേഗിന്റെ പ്രതിപാദ്യം. ദൈവങ്ങള്‍ പോലും തോറ്റിടത്ത് മനുഷ്യന്‍ വിജയപാതക പാറിച്ച അതിജീവന ചരിത്രമാണത്. പ്ലേഗിലെ പുരോഹിതന്മാര്‍ പറയുന്നുണ്ട് ആ തുറമുഖ നഗരത്തിലെ മഹാദുരന്തം, ദൈവഭക്തിയില്ലാത്തവര്‍ക്ക് ദൈവം കൊടുത്ത പണിയാണെന്ന്. കെട്ട മനുഷ്യരുടെ കുലത്തിലെ ആ വരികള്‍ ചരിത്രത്തില്‍ വഴിമാറിയും മൊഴിമാറിയും അങ്ങനെ പലമാതിരി നമ്മള്‍ കേട്ടിട്ടുണ്ട്- നിപയുടെ കാലത്തും, പ്രളയ കാലത്തും- മനുഷ്യ നിര്‍മ്മിത വിശ്വാസ ദുരന്തമായി മാറിയ ശബരിമലയുടെ കാലത്തും.

പ്രളയത്തെക്കുറിച്ച് സിനിമ വന്നിട്ടില്ല. നിപയെക്കുറിച്ചു വന്ന സിനിമ കണ്ട് നമുക്ക് ഇപ്പോള്‍ പ്രളയത്തെക്കുറിച്ചുള്ള സിനിമയും സങ്കല്‍പ്പിക്കാനാവും. എങ്ങനെയെന്നാല്‍ ആ സിനിമ അത്രയേറെ വിശദമായി മനുഷ്യനിലും, ആത്മാര്‍ത്ഥമായ മാനവീയ മൂല്യങ്ങളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുന്നതു കൊണ്ട്. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം ചെയ്യാനാവുന്ന അല്‍ഭുതകരമായ ഇച്ഛാശക്തിയുടെ സമാഹരണം അനുഭവിപ്പിച്ചു കൊണ്ട്.

സിനിമ എവിടെയും ഏറ്റുമുട്ടലിന്റെ ഭാഷ സംസാരിക്കുന്നില്ല. ആശയങ്ങളോടോ വ്യക്തികളോടോ നിലപാടുകളോടോ ഏറ്റുമുട്ടുന്നില്ല. ഏറ്റുമുട്ടല്‍ രോഗത്തോടാണ്. മരണത്തോടാണ് യുദ്ധം. രോഗത്തെ മാത്രമല്ല, അതിനേക്കാള്‍ അപകടമായ ഊഹാപോഹങ്ങളെയും ഊറ്റിക്കളഞ്ഞ് രോഗത്തിന്റെ ഉറവിടങ്ങള്‍ തേടിയുള്ള സഞ്ചാരത്തിലേക്കാണ് സിനിമ പരിണമിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ വിജയമാണ് ഘോഷിക്കുന്നത്. ഉത്തരാവാദിത്തമുള്ള ഒരു സര്‍ക്കാര്‍, ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഒരു ആരോഗ്യമന്ത്രി, ഉയര്‍ന്ന സാമൂഹ്യ ബോധം കാണിച്ച ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും, സംഘടിത തൊഴിലാളികളും, സര്‍വ്വോപരി കോഴിക്കോട്ടെ മതേതരമായ സാമന്യജനവും- സിനിമ ഈ മനുഷ്യക്കൂട്ടായ്മയുടെ വിസ്മയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ഒരു ജനതയുടെ ഒരുമയാണത്. അവിടെ ഒറ്റ നായകനില്ല. ഒരു പറ്റം നായകരേയുള്ളൂ. എന്നാല്‍ ഒറ്റ വില്ലനുണ്ട്. അതാണ് നിപ. മനുഷ്യരെ ആരെയും സിനിമയില്‍ വേറിട്ട് ഉയര്‍ത്തിക്കാണിക്കുന്നില്ല. ആരെയും മാറ്റി നിര്‍ത്തുന്നുമില്ല. ഒരു മഹാമാരിക്ക് മുന്നില്‍ സമന്മാരായ മനുഷ്യര്‍. സോഷ്യലിസം രോഗത്തിനും ദുരന്തത്തിനും മുന്നിലെങ്കിലും സാധ്യമാകുന്ന വ്യവസ്ഥ. നിങ്ങള്‍ ഇപ്പോ ഊരിക്കളഞ്ഞ സാധനമില്ലേ, അത് എടുത്തണിയുമ്പോള്‍ നമ്മള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന്’ പറയുന്ന സിദ്ധാര്‍ത്ഥ് ഭാസിയുടെ ഡോക്ടര്‍ കഥാപാത്രം പറയുന്ന ആ നിസ്സഹായതയുടെ സമത്വത്തിലും തുല്യതയിലുമായാണ് സിനിമ കലാപൂര്‍വ്വം കെട്ടിപ്പൊക്കിയിരിക്കുന്നത്.

അതുകൊണ്ട് രോഗത്തിനു മുന്നില്‍ നടക്കുന്ന ഒരോട്ടപ്പാച്ചിലല്ല അത്. വൈറസിനു ശേഷം ഗൂഗിളില്‍ തെരഞ്ഞു നോക്കിയ ചില മെഡിക്കല്‍ സര്‍വൈവല്‍ ത്രില്ലറുകളെല്ലാം അങ്ങനെയൊരു നിലവിളിയോട്ടമായാണ് കണ്ടത്. മനുഷ്യരെ ഭയപ്പെടുത്താനോ അല്‍ഭുതപ്പെടുത്താനോ ആയി അങ്ങനെ എത്രയോ ദൃശ്യാവസരങ്ങളുണ്ടായിട്ടും, സൗമ്യമായി അതില്‍ നിന്നെല്ലാം മാറി മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുകയാണ് സിനിമ.


നിപയുടെ രണ്ടാംവരവിനെയും നമ്മള്‍ അതിജീവിച്ച കാലത്ത് മനുഷ്യരെ പ്രതിരോധത്തിന് പ്രാപ്തമാക്കുന്ന പരിശീലനമായും ഈ സിനിമയ്ക്ക് ഒരു പ്രയോഗ മൂല്യമുണ്ട്.


സിനിമയില്‍ രോഗത്തിന്മേലുള്ള വിജയം വിധിക്കോ ദൈവത്തിനോ ചാര്‍ത്തിക്കൊടുക്കുന്നില്ല. മനുഷ്യരുടെ അദ്ധ്വാനത്തിനും ത്യാഗത്തിനും പരിശ്രമത്തിനും കിരീടം ചാര്‍ത്തുന്ന, മരണപ്പെട്ടവരെപ്പോലും രക്തസാക്ഷികളായി പരിഗണിക്കുന്ന വിശാലമായ രാഷ്ട്രീയത്തിലുമാണ് സിനിമ പര്യവസനിക്കുന്നത്. അതാണ് സിനിമയുടെ രാഷ്ട്രീയം.

ചെറിയ കഥാപാത്രങ്ങളേ സിനിമയിലുള്ളൂ. ചെറിയ മുഹുര്‍ത്തങ്ങളേയുള്ളൂ. ചെറിയ സംസാരങ്ങളും മാത്രം. പക്ഷേ എത്രയും വിസ്തരിക്കാനാവുന്ന ജീവിത വൈവിധ്യങ്ങളുടെ ഭംഗികള്‍ സംക്ഷിപ്തമാക്കപ്പെട്ടതാണ് ഓരോ രംഗവും. മഞ്ഞു തുള്ളിയില്‍ സൂര്യന്‍ പോലെ വ്യക്തിത്വമുള്ള ചെറിയ ചെറിയ കഥാപാത്രങ്ങളെ വാര്‍ത്തെടുക്കുന്നതിലാണ് സംവിധായകന്റെ പ്രതിഭയെ പുകഴ്ത്താനുള്ളത്.

കനപ്പെട്ട ഓരോ ജീവിതരേഖകളായ മനുഷ്യര്‍. ഓരോരോ സഹനങ്ങളും സ്‌നേഹങ്ങളും വെല്ലുവിളികളും നേരിടുന്ന മനുഷ്യര്‍. എന്നാല്‍ നിപ എന്ന ഭയങ്കരമായ മഹാമാരിയിലേക്ക് ചുരുങ്ങി രോഗികള്‍ മാത്രമായി ഒന്നാവുന്ന അനുഭവങ്ങളുടെ സങ്കലനം, ഏറ്റവും സൂഷ്മരംഗങ്ങളില്‍പ്പോലും സ്ഥല കാല ബോധമോ യാഥാര്‍ത്ഥ്യ ബോധമോ നഷ്ടപ്പെടാതെ അനുഭവപ്പെടുത്താനായെന്നത്, ആഷിഖ് അബുവിനെ മലയാളികളറിയുന്ന വിശ്വസംവിധായകരുടെ നിരയിലേക്ക് ഉയര്‍ത്തുന്നുണ്ട്.

സൗന്ദര്യപ്പെടുത്താനായി ഈ സിനിമയില്‍ ഒന്നും ചെയ്തിട്ടില്ല. ഭാവങ്ങള്‍ക്കൊപ്പം സന്നിഹിതങ്ങളാവുന്ന സൗന്ദര്യമേയുള്ളൂ. ആരെയും കൈയ്യടിപ്പിക്കുന്ന ക്രിത്രിമങ്ങളുമില്ല. സമഭാവത്തില്‍ നമ്മള്‍ സിനിമയുടെ ഭാഗമാവുകയേയുള്ളൂ. സംഭവ റിപ്പോര്‍ട്ടിംഗോ ഡോക്യുമെന്ററിയോ പോലെ, ക്യാമറ അത്തരം ആംഗിളുകള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചിട്ടുമുണ്ട്. പറയുന്നത് കഥയല്ല, ചരിത്രമാണ്, കണ്മുന്നിലെ ജീവിതമാണ്, പോരാട്ടമാണ് എന്ന് ആവര്‍ത്തിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം ചെയ്താല്‍ മനോഹരമാകുന്നൊരു ലോകത്തെക്കുറിച്ചും, അവിടെ മതങ്ങളും, സങ്കുചിത ദൈവങ്ങളും, വിവേചനങ്ങളും വിലക്കുകളും വിഭാഗീയതകളുമെല്ലാം വഴി മാറിക്കൊടുക്കുമന്നും, മലയാളി അനുഭവത്തില്‍ കണ്ട ആ ചരിത്രത്തെ ചലച്ചിത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ് സംവിധായകന്‍.

മലയാള സിനിമയിലെ മാറ്റത്തിന്റെ മുഖങ്ങള്‍ മുഴുന്‍ ഏതാണ്ട് ഈ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നുള്ളത് കാഴ്ചയിലെ വലിയ ആഹ്ലാദമാണ്. ഒരു പക്ഷേ ഇത് ആഷിഖ് അബുവിന്റെ സിനിമയെന്നതിനപ്പുറത്ത്, ആ കൂട്ടായ്മയുടെ സിനിമയാണ്. ഒരു കൂട്ടായ്മ നിറവേറ്റേണ്ടുന്ന ഉത്തരവാദിത്തത്തിന്റെ സിനിമയാണ്. രാജീവ് രവി, ഷൈജു ഖാലിദ്, സുശീല്‍ ശ്യാം, പാര്‍വ്വതി, ടൊവീനോ, റിമ, രമ്യ, ദിലീഷ്, സിദ്ധാര്‍ത്ഥ് ഭാസി, ഉണ്ണിമായ, കുഞ്ചാക്കോ, രേവതി, സൗബിന്‍, സജിത മഠത്തില്‍, സക്കരിയ, ജോജു, ആസിഫലി..തുടങ്ങി ആരുടേതാണ് ഈ സിനിമ എന്ന് സംശയമുണ്ടാകും. ആരുടേതായാലും മലയാളിയുടേതാണ് ഈ സിനിമ. മലയാളി കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങള്‍ക്കിടെ നേരിട്ട ഏറ്റവും വലിയ ജീവന്മരണ പോരാട്ടത്തിന്റെ നേരനുഭവമാണ് ഈ സിനിമ. മാറിയ മലയാള സിനിമയുടെ മറ്റൊരു മുഖവുമാണ് ഈ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here