വെനസ്വേലയില്‍ പാലായനം ചെയ്യുന്നവരുടെ എണ്ണം 4 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്

വെനസ്വേലയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്.  വെനസ്വേലയില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം 4 ദശലക്ഷം കടന്നതായാണ് യു.എന്‍ റെഫ്യൂജി ഏജന്‍സി റിപ്പോര്‍ട്ട് . ഇതോടെ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വെനസ്വേല ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തി . കടുത്ത പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായ രാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കിയത്. 

2015 അവസാനം വരെ വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും എണ്ണം 695,000 മാത്രമായിരുന്നുവെന്നാണ് യു.എന്‍.എച്ച്.സി.ആര്‍ പറയുന്നത്. എന്നാല്‍, ഇന്നത് 4 ദശലക്ഷമായി വര്‍ദ്ധിച്ചു. പകുതിയോളം പേരും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയയിലും (1.3 ദശലക്ഷം പേര്‍) പെറുവിലുമാണ് (768,000 പേര്‍) അഭയം തേടിയത്. ചിലി (288,000), ഇക്വഡോര്‍ (263,000), ബ്രസീല്‍ (168,000), അര്‍ജന്റീന (130,000) എന്നിവിടങ്ങളിലേക്കും ജനങ്ങള്‍ കൂട്ടത്തോടെ ചേക്കേറി. കൂടാതെ വെനസ്വേലയില്‍ നിന്നും നാടുകടത്തപ്പെടുന്നവരുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം അഭയം തേടിയവരുടെ എണ്ണം 30,000 ആണെന്ന് ‘ലോസ് ആഞ്ചലസ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് .പ്രസിഡന്റിന്റെ പുതിയ നയങ്ങള്‍ കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവ് വരുത്തി. ഇതോടെ വെനസ്വേലയില്‍ മിനിമം ശമ്ബളം കൂട്ടിയിട്ടും നാണ്യപെരുപ്പവും ദാരിദ്രവും കൂടി. രാജ്യത്തെ പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നതായും ,ഭക്ഷണം നല്‍കാന്‍ കഴിയാതെ പലരും കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നുതുമായുളള വാര്‍ത്തകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു.  പലയിടത്തും പാലായനം സ്വദേശികളും അഭയാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. കുടിയേറ്റത്തിന്റെ തീവ്രത കുറയ്ക്കാനായി ചില രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീലിലും കൊളംബിയയും വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രത്യേക അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാസ്‌പ്പോര്‍ട്ടില്ലാതെ അഭയാര്‍ത്ഥികളായി വരുന്ന വെനസ്വേലക്കാര്‍ക്ക് കോണ്‍സുലേറ്റുകളില്‍ നിന്ന് മാനുഷിക വിസകള്‍ നല്‍കുമെന്ന് പെറുവിന്റെ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാര അറിയിച്ചു. 

പ്രസിഡന്റ് നിക്കോളാസ് മഡൂറോയും അമേരിക്കന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗൊയ്‌ദോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സാഹചര്യത്തിലാണ് രാജ്യം വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയത്. ഇരു വിഭാഗത്തെ പിന്തുണയ്ക്കുന്നവര്‍ തെരുവില്‍ നിരന്തരം ഏറ്റുമുട്ടുകയും ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുകയും ചെയ്തതോടെ വെനസ്വേലയില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News