കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ മഴ ശക്തമാകും. എന്നാല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജൂണ്‍ 10 മുതല്‍ 12 വരെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത കൂടുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊളിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്നാണ് അറിയിപ്പ്.
എന്നാല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ നേരത്തെ സംസ്ഥാനത്തെ ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജൂണ്‍ 10ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 8,9 തീയതികളില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് 9,10,11 തീയതികളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here