ദുബായിലെ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു തുടങ്ങി. അപകടത്തില്‍ മരിച്ച തളിക്കുളം സ്വദേശി ജമാലുദീന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തളിക്കുളം ജുമാ മസ്ജിദില്‍ ഖബറടക്കി. ദുബായിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു ജമാലുദീന്‍.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ, സാമൂഹിക പ്രവര്‍ത്തകരായ ബാബുജി, രാജന്‍, കുഞ്ഞഹമ്മദ്, അശ്‌റഫ് താമരശ്ശേരി,  റിയാസ് തുടങ്ങിയവരും ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ സൗജന്യമായി നോര്‍ക്കയുടെ ആംബുലന്‍സുകളില്‍ വീടുകളില്‍ എത്തിക്കും.

അധികൃതരുമായി ആശയവിനിമയം നടത്തി വിവരങ്ങള്‍ ഉറപ്പാക്കാനും ലഭ്യമായവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും ദുബായിലെ കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രവര്‍ത്തനം തന്നെ നടത്തി. അവധി ദിവസമായിട്ടും നടപടികക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ദുബൈയിലെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

വ്യാഴാഴ്ച വൈകിട്ട് ദുബായ് രാഷിദിയ്യ എക്‌സിറ്റില്‍ ഉണ്ടായ ബസപകടത്തില്‍ 17 പേരാണ് മരിച്ചത്. മരിച്ചവരില്‍ എട്ടു മലയാളികളടക്കം 12 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു. ഒമാനില്‍നിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു.